കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അനാശാസ്യവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പെണ്‍കുട്ടികളെ ഉടൻ പിടികൂടാന്‍ ഉത്തരമേഖലാ ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്കി. ഇതിനായി തിരുവമ്പാടി പോലീസിനെ ഒഴിവാക്കി പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും ഐജി റൂറൽ എസ്പിയോട് ആവശ്യപ്പെട്ടു.
നിലവില്‍ പോലീസ് അറസ്റ്റ് ചെയ്ത തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോര്‍ജിനൊപ്പം പോലീസിന് പരാതി നല്കിയ റിസോര്‍ട്ട് ഉടമയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സത്യാവസ്ഥ മനസിലാക്കാന്‍ പെണ്‍കുട്ടികളെ പിടികൂടാന്‍ ഐജി നിര്‍ദേശം നല്‍കിയത്. ഒരു യുവതി മാത്രമേ ഇതുവരെ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു.എന്നാൽ പെൺവാണിഭത്തിന് രണ്ട് പെൺകുട്ടികളെ എത്തിച്ചതായി രഹസ്യപോലീസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവര്‍ക്ക് രണ്ടുപേര്‍ക്കും കൂടി 40,000 രൂപയായിരുന്നു ഒരാളിൽനിന്നു നിശ്ചയിച്ച പ്രതിഫലം. അറസ്റ്റിലായ ജോർജ് എന്ന ജെസിബി ജോർജ് തിരുവന്പാടി സ്വദേശിയായ വ്യാപാരിയുടെ കക്കാടംപൊയിലിലെ റിസോർട്ട് വാടകയ്ക്കെടുത്ത് നടത്തുകയാണ്. രണ്ട് പെൺകുട്ടികൾ റിസോർട്ടിലുണ്ടെന്ന് ജോർജ് വിളിച്ചറിയതനുസരിച്ച് റിസോർട്ട് ഉടമ കക്കാടംപൊയിലിലേക്ക് കുതിച്ചെത്തിയെന്നാണ് ഇന്റലിജൻസിന്റെ റിപ്പോർട്ട്.
പെൺകുട്ടികൾക്കൊപ്പം കഴിഞ്ഞ റിസോർട്ട് ഉടമ പണം നല്കാന് തയാറായില്ല. റിസോർട്ട് ഉടമ തിരിച്ചുപോയതിനുശേഷം പെൺകുട്ടികൾ ജോർജിനോട് പ്രതിഫലം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജോര്‍ജ് റിസോര്‍ട്ട് ഉടമയുമായി ഫോണില്‍ ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
ഈ കോൾ റിസോർട്ട് ഉടമ റെക്കോർഡ് ചെയ്തു. പ്രതിഫലം കിട്ടാതെവന്ന ഒരുപെണ്‍കുട്ടി പിന്നീട് ഉടമയുടെ തിരുവന്പാടിയിലെ വീട്ടിലെത്തി കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ അപകടം മണത്ത റിസോര്‍ട്ട് ഉടമ ജോർജിന്റെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോൾ സഹിതം താമരശേരിയിലെ ഉന്നത ഉദ്യോഗസ്ഥന് ബ്ലാക്ക് മെയില്‍ എന്ന രീതിയില്‍ പരാതി കൈമാറുകയായിരുന്നു. ഇതിന് ഒരു അഭിഭാഷകന്റെ സഹായവും ലഭിച്ചു. ജോര്‍ജും റിസോര്‍ട്ട് ഉടമയും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം റിസോര്‍ട്ട് ഉടമയ്ക്കെതിരേ മുന്‍പും സമാന പരാതികള്‍ നിലവിലുണ്ടെന്ന് ഇന്റലിജൻസ് കണ്ടെത്തി. ഇദ്ദേഹം നടത്തുന്ന ഏജൻസിയിൽ ജോലിചെയ്യുന്ന പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നു എന്നാണ് പരാതി. മോശമായി പെരുമാറി എന്നാരോപിച്ച് ഒരു ജീവനക്കാരി മുൻപ് താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇത് പിന്നീട് ഒതുക്കിത്തീർക്കുകയായിരുന്നു. തിരുവന്പാടി കേന്ദ്രീകരിച്ച് വാഴുന്ന പെൺവാണിഭ ബ്ലാക്ക്മെയിലിംഗ് സംഘത്തെക്കുറിച്ച് അന്വേഷണം നടത്തി നേരിട്ട് റിപ്പോർട്ട് ഹാജരാക്കാനും ഐജി ഇന്നലെ ഉത്തരവിട്ടു. ബ്ലാക്ക്മെയിലിംഗിൽ കുടുങ്ങി പാപ്പരായിതീർന്ന നിരവധിപേർ തിരുവന്പാടിയിലുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഘത്തിന്റെ കെണിയില്‍ വീണ് ഇപ്പോഴും പണം നല്‍കിവരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട് .
കക്കാടംപൊയിലിൽ പെൺവാണിഭത്തിനെത്തിയ യുവതിൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെ സ്പെഷൽ സ്ക്വാഡ് ഊർജിത അന്വേഷണം നടത്തിവരികയാണ്.
ജോര്‍ജില്‍ നിന്നുമാണ് പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ പോലീസിന് ലഭിച്ചത്. നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് നമ്പറെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ട് പെണ്‍വാണിഭത്തില്‍ ഉടമയുടെ കൂടി പങ്ക് വ്യക്തമായതോടെ സംഭവത്തെകുറിച്ച് വിശദമായ അന്വേഷണത്തിന് തയാറെടുക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. റിസോര്‍ട്ട് ഉമയെ രക്ഷിക്കാന്‍ താമരശേരിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തിരുവമ്പാടി പോലീസ് നടത്തുന്ന ഒത്തുകളിയെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കാനും ഐജി ഉത്തരവിട്ടു.
ഇന്റലിജൻസ് വിഭാഗവും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റിലായ ജോർജ് തിരുവന്പാടിയിൽ നടത്തുന്ന ജെസിബി ഓഫീസിലെ ഇടപാടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.തിരുവമ്പാടി പോലീസ് രഹസ്യമാക്കിവച്ചിരുന്ന സംഭവം രാഷ്ട്രദീപികയാണ് മൂന്ന് ദിവസം മുന്‍പ് പുറത്തുകൊണ്ടുവന്നത്.