തൊടുപുഴ: സർക്കാർ ആശുപത്രിയിൽ കുത്തിവയ്പ്പിനെത്തുടർന്ന് അലർജിയും ബോധക്ഷയവും ഉണ്ടായ പ്ലസ് ടു വിദ്യാർഥിനി ദിവസങ്ങളായി ചികിത്സയിൽ.
പൂച്ച മാന്തിയതിനെത്തുടർന്ന് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ മുട്ടം സ്വദേശിനി മുകളേൽ അന്നമോൾക്കാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. സംഭവത്തിൽ സിഎച്ച്സി അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ടായതായി കാട്ടി ആരോഗ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷിതാക്കൾ പരാതി നൽകി.
കഴിഞ്ഞ 28ന് രാത്രിയിലാണ് വീട്ടിലെ വളർത്തുപൂച്ച അന്നമോളുടെ വലതു കൈയിൽ മാന്തിയത്. മുറിവുണ്ടായതോടെ പിറ്റേന്ന് രാവിലെ മുട്ടത്തെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഇവിടെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് നൽകി.
മുറിവിൽ കുത്തിവയ്ക്കേണ്ട മരുന്ന് ഇവിടെയില്ലെന്നും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ലഭ്യമാണെന്നും നിർദേശിച്ച് അന്നയെയും മാതാവ് സിമിയേയും പറഞ്ഞയച്ചു.
തൊടുപുഴയിലും മരുന്ന് ലഭ്യമല്ലാത്തതിനാൽ അവിടെനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ, ഇതേ ഇഞ്ചക്ഷൻ ഏതാനും വർഷം മുന്പ് അന്നയ്ക്ക് കുത്തിവച്ചതിനാൽ നിലവിൽ എടുക്കേണ്ടതില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
തുടർന്ന് രണ്ടിനു മുട്ടത്തെ ആശുപത്രിയിലെത്തി രണ്ടാംഘട്ട പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളജിൽനിന്ന് കുട്ടിയും മാതാവും വീട്ടിലേക്ക് മടങ്ങി.
മുട്ടം സിഎച്ച്സിയിലെത്തി രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുത്ത് പുറത്തിറങ്ങിയ ഉടൻ കുട്ടിക്ക് അലർജി അനുഭവപ്പെട്ടു.
ഉടൻ ആശുപത്രിയിൽ തിരികെയെത്തി വിവരം പറഞ്ഞതോടെ തുടർചികിത്സ നടത്തിയെങ്കിലും പെട്ടന്ന് അബോധാവസ്ഥയിലായി കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
വീട്ടിലേക്ക് മടങ്ങിയ ശേഷവും തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽനിന്നു കുത്തിവയ്പ് എടുത്തതിലുണ്ടായ പിഴവാണ് മകളുടെ ആരോഗ്യം മോശമാകാൻ കാരണമെന്ന് അന്നയുടെ അമ്മ സിമി പറയുന്നു. എന്നാൽ, മുട്ടം സിഎച്ച്സി അധികൃതർ പിന്നീട് ബന്ധപ്പെടുകയോ വിവരം തിരക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഇതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ പറഞ്ഞു. 2025 വരെ കാലാവധി ഉള്ളതും സുരക്ഷിതമായി സൂക്ഷിച്ചിരുന്നതുമായ മരുന്നാണ് കുത്തിവച്ചത്.
ഇതേ ബാച്ചിലുള്ള മരുന്നാണ് ആദ്യദിനം കുത്തിവച്ചത്. അസ്വസ്ഥത ഉണ്ടായതിനെതുടർന്ന് അന്നയെ സുരക്ഷിതമായി ആംബുലൻസിൽ കയറ്റിവിട്ടത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.