തളിപ്പറമ്പ്: വാഹനങ്ങളുടെ ആര്‍സി ബുക്ക്, പാസ്പോര്‍ട്ട് എന്നിവ നഷ്ടപ്പെട്ടു പോയാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നില്ലെന്ന സംഭവത്തില്‍ ഇടപെടുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍.
പത്രങ്ങളില്‍ പരസ്യം ചെയ്യുകയും പോലീസിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയുമാണ് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ നടപടിക്രമങ്ങളെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നുണ്ടെങ്കിലും ഇത്തരത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്ന് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുകയും കൊടുക്കില്ലെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറയുകയും ചെയ്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
രാഷ്ട്രദീപികയില്‍ ഇന്നലെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതോടെ നൂറുകണക്കിനാളുകളാണ് പരാതിയുമായി രംഗത്തുവന്നത്. പരാതി സ്വീകരിച്ചു എന്ന രസീത് മാത്രമേ നല്‍കാനാവൂ എന്നതാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. മറ്റ് പോലീസ് സ്റ്റേഷനുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ സുഗമമായി ലഭിക്കുമ്പോഴാണ് തളിപ്പറമ്പില്‍ ഇത്തരം സമീപനം തുടരുന്നതെന്നാണ് ആക്ഷേപം. പാസ്പോര്‍ട്ടിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നത്.
ആര്‍സി ബുക്ക് ഇല്ലാത്തതുകൊണ്ട് പല വണ്ടികളും പൊളിച്ചു വില്‍ക്കേണ്ട അവസ്ഥയാണ്. പോലീസ് ചെക്കിംഗിനിടയില്‍ പിടികൂടിയാല്‍ ഒറിജിനല്‍ ആര്‍സി ഇല്ലാതെ വാഹനം അവര്‍ വിട്ടു നല്കുകയുമില്ല. ആര്‍സി ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് സ്റ്റേഷനില്‍ പിടിച്ചിട്ട ഇരുചക്രവാഹനങ്ങള്‍ കാണാതായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ മണല്‍ മാഫിയയില്‍ നിന്ന് പിടികൂടിയ ലോറി കത്തിച്ച് ആക്രിക്കച്ചവടക്കാരന് വില്പന നടത്തിയ സംഭവവും സ്റ്റേഷനില്‍ സൂക്ഷിച്ച നിരവധി വാഹനങ്ങള്‍ കാണാതായതുമൊക്കെ ബന്ധപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്താണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ നല്‍കിയിരിക്കയാണ് ആര്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ വ്യക്തമായ മാര്‍ഗരേഖ നിലവിലിരിക്കെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന എസ്എച്ച്ഒ പി.കെ.സുധാകരന്റെ പ്രതികരണം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്.