തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് പകരം ആൾമാറാട്ടം നടത്തി സംഘടനാ നേതാവിനെ തിരുകിക്കയറ്റിയ എസ്എഫ്ഐയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ആൾമാറാട്ടത്തിനും കൃത്രിമം നടത്തിയതിനും കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്കെഎസ്യു സംസ്ഥാന പോലീസ് മേധാവിക്കും യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും പരാതി നൽകി.
സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ആളിന് പകരം മത്സരിക്കാത്ത പാർട്ടിക്കാരനെ തിരുകി കയറ്റിയതെന്നും അലോഷ്യസ് പറഞ്ഞു.
ഭരണത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് സിപിഎമ്മും എസ്എഫ്ഐയും വച്ച് പുലർത്തുന്നത്. പൊതുസമൂഹത്തോട് മാപ്പ് പറയാൻ എസ്എഫ്ഐ തയാറാകണമെന്നും അലോഷ്യസ് വ്യക്തമാക്കി.
അട്ടിമറിക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കെഎസ്യു മുന്നോട്ട് പോകുമെന്നും അലോഷ്യസ് പറഞ്ഞു.
ഡിസംബർ 12നാണ് ഇവിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്.
എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയപ്പോൾ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നതെന്നാണ് പരാതി.