കൊച്ചി: 2017-18 സാന്പത്തിക വർഷം രാജ്യത്തു നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി റിക്കാർഡ് നേട്ടം കൈവരിച്ചു. 45,106.89 കോടി രൂപയിലധികം (7.08 കോടി ഡോളർ) വരുമാനമാണ് കഴിഞ്ഞ സാന്പത്തിക വർഷം കയറ്റുമതി ഇനത്തിൽ ഇന്ത്യ നേടിയതെന്ന് സമുദ്രോത്പന്ന കയറ്റുമതി അഥോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡോ. എ. ജയതിലക് ചൂണ്ടിക്കാട്ടി. 2016-17ൽ ഇത് 37,870.90 കോടി രൂപയായിരുന്നു. 19.11 ശതമാനത്തിന്റെ വർധനയാണ് രൂപ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്.
2017-18 സാന്പത്തിക വർഷത്തിൽ 7.08 ബില്യൻ ഡോളർ മൂല്യം വരുന്ന 13,77,244 ടണ്‍ സമുദ്രോത്പന്നമാണ് രാജ്യം കയറ്റുമതി ചെയ്തത്. ശീതീകരിച്ച ചെമ്മീനും ശീതീകരിച്ച മത്സ്യവുമാണ് കയറ്റുമതിയിലെ പ്രധാന ഇനങ്ങൾ. 2016-17 സാന്പത്തിക വർഷത്തിൽ 5.77 ബില്യൻ ഡോളർ മൂല്യമുള്ള 11,34,948 ടണ്‍ മത്സ്യമാണ് കയറ്റുമതി ചെയ്തത്.
ഡോളർ മൂല്യത്തിൽ 21.35 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നം ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. ആകെ കയറ്റുമതിയുടെ 32.76 ശതമാനവും അമേരിക്കയിലേക്കാണ്. ദക്ഷിണ പൂർവേഷ്യയാണ് രണ്ടാം സ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു.