ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്ത്യയുടെ മിസൈൽ പതിച്ചതിൽ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
വിഷയത്തിൽ പ്രതികരിക്കാമായിരുന്നിട്ടും യാഥാർഥ്യം മനസിലാക്കി പാക്കിസ്ഥാൻ സംയമനം പാലിക്കുകയായിരുന്നുവെന്ന് ഇമ്രാൻ പറഞ്ഞു.
ഞായറാഴ്ച പാക് പഞ്ചാബിലെ ഹാഫിസാബാദ് ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം ആവശ്യപ്പെട്ടും പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു.
തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയാണ് പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചത്.
ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ലളിതമായ വിശദീകരണം തൃപ്തികരമല്ലെന്നും പാക്കിസ്ഥാന് വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇന്ത്യ അറിയിച്ചു.
എന്നാൽ സംയുക്ത അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി.
ഹരിയാനയിലെ അതിർത്തിപ്രദേശമായ സിർസയിൽനിന്നു മാർച്ച് ഒന്പതിനു വൈകിട്ട് 6.43നാണ് ആകസ്മികമായി മിസൈൽ വിക്ഷേപിക്കാനിടയായത്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മിയാൻ ചുന്നു നഗരത്തിനടുത്ത് 6.50നാണ് മിസൈൽ പതിച്ചത്. മിസൈൽ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലെത്താൻ മൂന്നു മിനിറ്റ് എടുത്തു. ആകെ 124 കിലോമീറ്റർ ദൂരം പിന്നിട്ടു.