കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന്റെ ജീവന് നിലനിര്‍ത്താന്‍ മലയാളികള്‍ ഏവരും ഒന്നിച്ചു പ്രയത്നിച്ചതിന്റെ ഫലമായി ഏഴു ദിവസം കൊണ്ട് 18 കോടി രൂപ സമാഹരിക്കാനായിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ മലപ്പുറം അങ്ങാടിപ്പുറം, ഏറാന്തോട് മദ്രസപ്പടിയിലെ ആലുങ്കല്‍ ആരിഫ്-റമീസ തസ്നി ദമ്പതികളുടെ മകന് ആറുമാസം പ്രായമുള്ള ഇമ്രാന് മുഹമ്മദും സമാനമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്.
മുഹമ്മദിനെ ബാധിച്ച അപൂര്‍വരോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫിയാണ് ഇമ്രാനും നേരിടുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോള്‍ജെന്‍സ്മ (ഒരു ഡോസിനു 18 കോടി രൂപ) ലഭ്യമായാലേ ഇമ്രാനും രോഗം ഭേദമാകൂ.
പിതാവ് ആരിഫിനു പഴയവാഹനങ്ങളുടെ വില്‍പ്പനയായിരുന്നു ജോലി. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതും ഇല്ലാതായി. ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഇവരുടെ രണ്ടാമത്തെ കുട്ടി മരിച്ചു.
മൂത്തമകള്‍ ദിയ ഫാത്തിയ (അഞ്ച്) ആരോഗ്യവതിയാണ്. മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്. ജനിച്ച് 20 ദിവസം കഴിഞ്ഞപ്പോള്‍ ഇടതുകൈ അനങ്ങാതായതിനേത്തുടര്ന്ന് പെരിന്തല്‍മണ്ണയിലും കോഴിക്കോടും സ്വകാര്യാശുപത്രികളില്‍ ചികിത്സതേടി.
വിശദമായ പരിശോധനയില്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി സ്ഥിരീകരിക്കുകയും ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്കു മാറ്റുകയും ചെയ്തു.
മൂന്നുമാസമായി ഐ.സി.യു. വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ചികിത്സാസഹായം തേടി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു നിവേദനം നല്‍കിയിരുന്നു.
രണ്ടാഴ്ച മുമ്പ് ഹൈക്കോടതിയെ സമീപിച്ചു. മാട്ടൂലിലെ കുട്ടിക്കായി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടക്കുമ്പോള്‍തന്നെ ഇമ്രാനു വേണ്ടിയും ഇടപെടലുകള്‍ നടന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
പണം തട്ടാനുള്ള വ്യാജപ്രചാരണമാണെന്നും തെറ്റിദ്ധരിക്കപ്പെട്ടു. നാലുദിവസത്തിനുള്ളില്‍ 30 ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ വന്നെങ്കിലും പിന്നീട് സഹായമൊന്നും ലഭിച്ചില്ല.
യാഥാര്‍ഥ്യമറിയാന്‍ നിരവധിപ്പേര്‍ ആരിഫിനെ ഫോണില്‍ ബന്ധപ്പെട്ടു. സഹായം നല്‍കേണ്ടെന്ന തരത്തിലും സാമൂഹിമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി.
ഇതോടെ പ്രതിസന്ധിയിലായ കുടുംബം മഞ്ഞളാംകുഴി അലി എം.എല്‍.എയെ ബന്ധപ്പെട്ടു.
ഇന്നലെ എം.എല്‍.എ. ഇമ്രാന്റെ വീട്ടിലെത്തി. നിജസ്ഥിതി ബോധ്യപ്പെട്ടതോടെ മാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ഥിച്ചു.
എം.എല്‍.എയുടെ നേതൃത്വത്തില്‍ ചികിത്സയ്ക്കായി ജനകീയസമിതി രൂപീകരിക്കും.
ഇമ്രാനു വേണ്ടി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചികിത്സാസഹായം നല്കാന് സര്ക്കാരിേനാടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ആരിഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍.
മൂന്നുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള കുഞ്ഞിന് അമേരിക്കയില്‍നിന്നുള്ള സോള്‍ജെന്‍സ്മ മരുന്ന് നല്‍കാനാകുമോയെന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം. ബോര്‍ഡിലേക്കുള്ള വിദഗ്ധരെ സര്‍ക്കാര്‍ നിര്‍ദേശിക്കണം.
സഹായമെത്തിക്കേണ്ട ആരിഫിന്റെ അക്കൗണ്ട് നമ്പര്‍: 16320100118821, ഫെഡറല്‍ ബാങ്ക്, ബ്രാഞ്ച്: മങ്കട, ഐ.എഫ്.സി.കോഡ്: എഫ്.ഡി.ആര്.എല്‍:0001632. ഗൂഗിള്‍പേ നമ്പര്‍: . 8075393563.