ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തുടർച്ചയായ രണ്ടാം ദിവസവും കോടതി തടവുശിക്ഷ വിധിച്ചു. അധികാരത്തിലിരിക്കേ സർക്കാരിനു ലഭിച്ച സമ്മാനങ്ങൾ കൈവശപ്പെടുത്തിയെന്ന കേസിൽ 14 വർഷത്തെ തടവാണ് ഇന്നലെ ഇമ്രാനു വിധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബിക്കും ഇതേ ശിക്ഷ വിധിച്ചു.
നയതന്ത്രരഹസ്യം പരസ്യപ്പെടുത്തിയതിനു കോടതി ചൊവ്വാഴ്ച ഇമ്രാന് പത്തു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേയാണ് ഈ നടപടികൾ. ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ നിലവിൽ അഴിമതിക്കേസിൽ മൂന്നുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
ഇന്നലത്തെ വിധിക്കു പിന്നാലെ ഇമ്രാന്റെ ഭാര്യ ബുഷ്റ ജയിലിൽ കീഴടങ്ങി. ഇമ്രാനും ഭാര്യയുംകൂടി 150 കോടി പാക് രൂപ പിഴ അടയ്ക്കണമെന്നും ഇന്നലത്തെ വിധിയിലുണ്ട്. ഇതോടൊപ്പം ഇമ്രാനും ഭാര്യക്കും 10 വർഷത്തേക്കു പൊതുപദവികൾ വഹിക്കുന്നതിനു വിലക്കുണ്ടാകും.
പാക്കിസ്ഥാൻ സർക്കാരിനു സൗദി രാജകുമാരൻ നല്കിയ ആഭരണം അടക്കമുള്ള വസ്തുക്കൾ സ്വകാര്യമായി സൂക്ഷിക്കുകയോ വില്ക്കുകയോ ചെയ്തു എന്നതാണ് ഈ കേസിൽ ഇമ്രാനും ഭാര്യക്കും എതിരേയുള്ള ആരോപണം. അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻബിഎ) കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച് പുതിയ കേസ് എടുക്കുന്നത്.
ഇമ്രാൻ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ രൂപീകരിച്ച അക്കൗണ്ടബിലിറ്റി കോടതിയാണു വിചാരണ നടത്തിയത്.രാഷ്ട്രീയപ്രേരിത കേസിൽ ഇമ്രാനു വേണ്ടവിധം നിയമസഹായം ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ പിടിഐ പാർട്ടി ആരോപിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നല്കുമെന്നും പാർട്ടി അറിയിച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിൽ പുറത്താക്കപ്പെട്ട ഇമ്രാന് പാക്കിസ്ഥാനിൽ ഇപ്പോഴും ജനപ്രീതിയുണ്ട്. പക്ഷേ, സൈന്യത്തിന്റെ അപ്രീതി നേരിടുന്ന അദ്ദേഹവും പിടിഐ പാർട്ടിയും എട്ടാം തീയതിയിലെ തെരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധി നേരിടുന്നു. ഒട്ടേറെ നേതാക്കൾ അറസ്റ്റിലാണ്.
ക്രിക്കറ്റ് ബാറ്റ് ചിഹ്നം നിഷേധിക്കപ്പെട്ടു. പാർട്ടി സ്ഥാനാർഥികളിൽ പലരും സ്വതന്ത്രരായാണു മത്സരിക്കുന്നത്. അഴിമതിക്കേസിൽനിന്നു രക്ഷപ്പെടാൻ ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞശേഷം മടങ്ങിയെത്തിയ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനാണ് ഇത്തവണ സൈന്യത്തിന്റെ പിന്തുണ.