കാഷ്മീര്‍ വിഷയത്തില്‍ അവസാന അടവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയെ വിരട്ടി കാര്യം നേടാനാണ് ശ്രമിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉണ്‍ പറയുന്നതു പോലെ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള വിരട്ടലുകളാണ് ഇപ്പോള്‍ ഇമ്രാന്‍ പുറത്തെടുക്കുന്നത്.
അടിയന്തരമായി ഇന്ത്യന്‍ സേനയെ പിന്‍വലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നല്‍കുകയെന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. കാഷ്മീരിനെ കാക്കാന്‍ ലോകം തയ്യാറായില്ലെങ്കില്‍ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂവെന്നാണ് ഭീഷണി. ലോകത്തെ കാത്തിരിക്കുന്നത് മൂന്നാമത്തെ ലോകമഹായുദ്ധമാണെന്നും വീരവാദം പറയുന്നു. പാക്കിസ്ഥാനില്‍ പട്ടിണിയും ദാരിദ്രവും എയ്ഡ്‌സും വന്‍തോതില്‍ വര്‍ധിച്ചിച്ചിരിക്കുകയാണ്. പോരാത്തതിന് പട്ടാള അട്ടിമറി ഭീഷണിയും. ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്.
കാാഷ്മീരില്‍ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തിനാണ് ഇത് വഴിവെക്കുകയെന്ന് ഇമ്രാന്‍ പറയുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആണവ യുദ്ധത്തിന്റെ സാധ്യതയും ഇമ്രാന്‍ ചൂണ്ടിക്കാട്ടുന്നു. കാഷ്മീരികളുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ എന്ത് അറ്റം വരേയും പോകുമെന്നാണ് ഇമ്രാന്റെ ഭീഷണി. രാഷ്ട്രീയ പരിചയമില്ലാത്ത ഇമ്രാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായത് സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നുവെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധം പക്വതയില്ലാത്ത പ്രസ്താവനകളാണ് ഇമ്രാന്‍ നടത്തുന്നതും. കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യ പിന്നോട്ടുപോയാല്‍ മാത്രം ചര്‍ച്ച നടത്താമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിന്‍വലിക്കുകയും സൈന്യത്തെ പിന്‍വലിക്കുകയും ചെയ്താല്‍ മാത്രം ചര്‍ച്ചെയെന്നാണ് ഇമ്രാന്‍ പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തിലാണ് ഇമ്രാന്‍ നിലപാടു വ്യക്തമാക്കിയത്. കശ്മീരില്‍ ഇന്ത്യയെടുത്ത തീരുമാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിലേക്കു തന്നെ പോകേണ്ടിവരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണെന്ന വാദം ഇമ്രാന്‍ ഉയര്‍ത്തുന്നതും ഇവിടെയാണ്. ലോകരാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യയെ വെട്ടിലാക്കാനാണ് പാക്കിസ്ഥാന്റെ ഈ നീക്കം. റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ കാഷ്മീരിലെ തീരുമാനം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ പാക്കിസ്ഥാന്‍ ഇനിയും തയ്യാറാകുന്നില്ല.
പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ നേരത്തേ നിലപാടു വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടെങ്കില്‍ അത് കാഷ്മീരിനെക്കുറിച്ചല്ല, മറിച്ച് പാക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ പിന്നീട് അറിയിച്ചു. ഇതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രിയും നിലപാടു കടുപ്പിച്ചു രംഗത്തെത്തിയത്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്സ് രോഗം അതിവേഗം പടരുന്നുമുണ്ട്. രാജ്യത്ത് ദാരിദ്ര്യവും രോഗങ്ങളും പടര്‍ന്നു പിടിക്കുമ്പോള്‍ ജനരോഷം അടക്കാന്‍ ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നത് പാക്കിസ്ഥാന്റെ സ്ഥിരം പരിപാടിയാണ്. അതുകൊണ്ടാണ് അതിശക്തമായ പ്രകോപനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രംഗത്ത് വരുന്നത്. സൈന്യത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനും ഇത് അത്യാവശ്യമാണ്.
യുഎന്‍ രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഇന്ത്യയുടെ നിലപാടിനെയാണു പിന്തുണച്ചത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനറെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. കാഷ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ഖാന്റെ ആഹ്വാനപ്രകാരം പാക്കിസ്ഥാന്‍ വെള്ളിയാഴ്ച കാഷ്മീര്‍ ഐക്യദാര്‍ഢ്യദിനമാചരിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് ‘അരമണിക്കൂര്‍ പ്രതിഷേധം’ ആരംഭിച്ചത്. രാജ്യത്തെങ്ങും സൈറണുകള്‍ മുഴങ്ങി. ഒട്ടേറെ നഗരങ്ങളില്‍ ഏതാനും മിനിറ്റ് റോഡുഗതാഗതം നിര്‍ത്തിവെച്ചു. എല്ലാ തീവണ്ടികളും ഒരുമിനിറ്റ് നിര്‍ത്തി ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായി റെയില്‍വേ മന്ത്രാലയം പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഓഫീസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള ജീവനക്കാരും പ്രകടനങ്ങളില്‍ പങ്കെടുത്തു.
ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. കാഷ്മീരികള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും അവരുടെ വേദനയും വിഷമങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് അറിയിക്കാനാണ് ഈ ദേശവ്യാപക പ്രതിഷേധമെന്നും ഇമ്രാന്‍ പറഞ്ഞു. ആഴ്ചതോറുമുള്ള രാജ്യവ്യാപകപ്രതിഷേധത്തിന് കഴിഞ്ഞദിവസമാണ് ഇമ്രാന്‍ ഖാന്‍ ആഹ്വാനംചെയ്തത്. സെപ്റ്റംബര്‍ 27-ന് ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യുന്നതുവരെ ആഴ്ചപ്രതിഷേധം തുടരും.
കാഷ്മീരിന്റെപേരില്‍ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്താരാഷ്ട്രശ്രദ്ധ തിരിക്കാന്‍ ഇന്ത്യ മിന്നലാക്രമണം നടത്താന്‍ ഒരുങ്ങുകയാണെന്ന് ഇമ്രാന്‍ ആരോപിച്ചു. പാക് സൈന്യം എന്തിനും സജ്ജമാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരേ പാക്കിസ്ഥാന്‍ സെനറ്റ് പ്രമേയവും പാസാക്കി. ഇതിനൊപ്പമാണ് ആണവ ഭീഷണിയും പാക്കിസ്ഥാന്‍ മുഴക്കുന്നത്. എന്തായാലും വിവേകമില്ലാത്ത ഭരണാധികാരിയുടെ വാക്കുകള്‍ ഇന്ത്യ അത്ര വില കുറച്ചു കാണുന്നില്ല. എന്നാല്‍ ലോകരാജ്യങ്ങളുടെ പിന്തുണയുള്ള ഇന്ത്യയെ ആക്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം പതിന്മടങ്ങായിരിക്കുമെന്നും പാകിസ്ഥാന് നന്നായി അറിയാം.