ഇന്ത്യന്‍ സേനയെ താറടിച്ചു കാട്ടുന്ന രീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ പൊലീസ് മുസ്ലിംങ്ങളെ വംശഹത്യ നടത്തുന്നു എന്ന പേരിലാണ് ഇമ്രാന് കഴിഞ്ഞ ദിവസം വ്യാജ വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാല്‍ വീഡിയോ വൈറലായതോടെ സത്യാവസ്ഥയും പുറത്തെത്തി. ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന പേരില്‍ ഇമ്രാന് ഖാന് പങ്കുവെച്ചത്.
മര്‍ദ്ദനത്തില്‍ ചോരയൊലിച്ച് കിടക്കുന്നവരെ പൊലീസ് വീണ്ടും മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റേതാണ് വീഡിയോ. ബംഗ്ലാദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആയ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന് സംഘം ആളുകളെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ ഇത്. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ചുരുക്കമായ ആര് എ ബി എന്ന് ഇമ്രാന് ഖാന് പങ്കുവെച്ച വീഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ എഴുതിയിട്ടുണ്ട്.
ആവേശത്തിന്റെ പുറത്ത് ഇമ്രാന് ആകട്ടെ ഇതൊന്നും ശ്രദ്ധിച്ചതുമില്ല. ഇമ്രാന് ഖാന് വീഡിയോ പങ്കുവെച്ചതിന് തൊട്ടു പിന്നാലെ മറുപടിയുമായി ഉത്തര്‍പ്രദേശ് പൊലീസ് മറുപടിയുമായി രംഗത്തെത്തി. വീഡിയോ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളതല്ലെന്നും 2013 മെയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതാണെന്നും വാര്‍ത്താ ലിങ്കുകള്‍ അടക്കം ഉള്‍പ്പെടുത്തി വിശദീകരിച്ചാണ് യുപി പൊലീസ് മറുപടി നല്‍കിയത്. എന്തായാലും പുതിയ അടവും പൊളിഞ്ഞതിന്റെ നിരാശയിലാണ് ഇമ്രാന് എന്നാണ് റിപ്പോര്‍ട്ടുകള്‍.