കൊച്ചി: അപൂര്‍വരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന അഞ്ചു മാസം മാത്രം പ്രായമുള്ള ഇമ്രാന് 18 കോടി രൂപയുടെ മരുന്നു ലഭ്യമാക്കണമെന്ന ഹര്‍ജിയില്‍ കുട്ടിയെ പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് ആറംഗ സമിതിയെ നിയോഗിച്ചു.
ഇവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നു വ്യക്തമാക്കിയ ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഹര്‍ജി ജൂലൈ 13നു പരിഗണിക്കാന്‍ മാറ്റി.
കുട്ടിയെ പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പാനൽ തയാറാക്കി നൽകാൻ സംസ്ഥാന സർക്കാരിനോടു കോടതി ചൊവ്വാഴ്ച നിർദേശിച്ചിരുന്നു.
ഇതേത്തുടർന്നു സമിതിയുടെ പേരുകൾ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇവര്‍ പരിശോധന നടത്തി കുട്ടിക്ക് മരുന്ന് ഫലപ്രദമാവുമോയെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന രോഗം ബാധിച്ച മകന്റെ ചികിത്സയ്ക്ക് വന്‍ തുക വരുന്ന മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു പെരിന്തല്‍മണ്ണ സ്വദേശി ആരിഫ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഇമ്രാന് വെന്റിലേറ്ററിലാണെന്നും ഈ ഘട്ടത്തില്‍ കുട്ടിക്ക് മരുന്നു നല്‍കുന്നത് ഫലപ്രദമാവില്ലെന്നും കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണു കോടതി വിദഗ്ധ റിപ്പോര്‍ട്ട് തേടിയത്.