ലഹോർ: അദിയാല ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ (70) സുരക്ഷിതനല്ലെന്നും അദ്ദേഹത്തിനു വിഷം കൊടുക്കാൻ സാധ്യതയുണ്ടെന്നും ഭാര്യ ബുഷ്റ ബീവി ആരോപിച്ചു. ഇമ്രാനു ജയിലിൽ മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബുഷ്റ ബീവി ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു.
തന്റെ ഭർത്താവിനു ജയിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബുഷ്റ പറഞ്ഞു. ഇമ്രാനു വീട്ടിൽ പാകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. ഇപ്പോൾ അദ്ദേഹത്തോട് സ്വീകരിക്കുന്നത് മനുഷ്യത്വവിരുദ്ധ നടപടിയാണ്.
വിഷയത്തിൽ കോടതി ഇടപെടണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു. തോഷഖാന അഴിമതിക്കേസിൽ മൂന്നു വർഷം തടവിനു ശിക്ഷിക്കപ്പെട്ട പാക്ക് മുൻപ്രധാനമന്ത്രിയെ ഓഗസ്റ്റിലാണ് ജയിലിൽ അടച്ചത്.
നേരത്തേ പാർപ്പിച്ച അറ്റോക്ക് ജയിലിൽനിന്ന് തന്നെ മാറ്റരുതെന്ന് ഇമ്രാൻ ഖാൻ അഭ്യർഥിച്ചെങ്കിലും അത് അവഗണിച്ചാണ് അദ്ദേഹത്തെ അദിയാലയിലേക്ക് മാറ്റിയത്.