അലക്സ് ചാക്കോ
പിടിവിട്ട് പായുന്ന കൊറോണയ്ക്കു മുന്നിൽ വഴിയടഞ്ഞു ടെക് ലോകം. നേരത്തെ പ്രഖ്യാപിച്ചിരുന്ന വലിയ പരിപാടികൾ റദ്ദാക്കിയും പുറത്തിറക്കാനിരുന്ന പുതു ഉത്പന്നങ്ങൾ പിൻവലിച്ചും പ്രതിസന്ധി നേരിടുകയാണു വൻകിട ടെക് കന്പനികൾ.
ലോകത്തിലെ ഏറ്റവും വലിയ ഫോണ്‍ ഷോ ആയി വിലയിരുത്തപ്പെടുന്ന മൊബൈൽ വേൾഡ് കോണ്‍ഗ്രസ് (എംഡബ്ല്യുസി) മാറ്റിവച്ചതായിരുന്നു ഇതിന്റെ തുടക്കം. ബാഴ്സലോണയിൽ ഫെബ്രുവരി 24 മുതൽ 27വരെ പരിപാടി നടത്തായിരുന്നു എംഡബ്ല്യുസി സംഘാടകരുടെ പദ്ധതി.
മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രോഡക്ട് ലോഞ്ചുകളും പരിപാടികളും റദ്ദാക്കപ്പെടുന്പോഴുണ്ടാവുന്ന നഷ്ടം കന്പനികളെ ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും കൊറോണയിൽ മുൻകരുതലെടുക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നാണ് പ്രമുഖ കന്പനികളുടെയെല്ലാം നിലപാട്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ ചായം തേടേണ്ടതുള്ളു എന്നതുതന്നെ കാര്യം.
മൈക്രോസോഫ്റ്റ്
വിൻഡോസിനും മറ്റും ഡിമാൻഡ് കൂടിയിട്ടുണ്ടെങ്കിലും വിതരണം പ്രതിസന്ധിയിലാണെന്നു കന്പനി പറയുന്നു. ഇതുമൂലം കന്പനി പ്രതീക്ഷിച്ച വരുമാനം ഈ മാസങ്ങളിൽ ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
സാൻഫ്രാൻസിസ്കോയിൽ മാർച്ച് 16 മുതൽ 20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറൻസിൽ പങ്കെടുക്കില്ലെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
അതേസമയം, പരിപാടിയിൽ ലൈവ് സ്ട്രീമിംഗ് വഴി പങ്കെടുക്കാനുള്ള സാധ്യതകൾ കന്പനി ആലോചിക്കുന്നുണ്ട്. സോണി, ഇലക്ട്രോണിക് ആർട്സ്, ഫേസ്ബുക്ക്, കോജിമ പ്രോഡക്ട്സ്, യൂണിറ്റി, എപ്പിക് ഗെയിംസ് എന്നീ കന്പനികളും ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറൻസിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വന്പൻമാരെല്ലാം പിന്മാറിയ സ്ഥിതിക്ക് പരിപാടി നടക്കുമോ എന്നതു കാത്തിരുന്നുതന്നെ കാണണം. വിവിധ പ്ലാറ്റ്ഫോമുകളിൽ ഗെയിമുകൾ തയാറാക്കാനുള്ളവർക്കായി വർഷാവർഷം വിപുലമായി നടത്താറുള്ള പരിപാടിയാണ് ഗെയിം ഡെവലപ്പേഴ്സ് കോണ്‍ഫറൻസ്.
ആപ്പിൾ
ടെക് വന്പൻ ആപ്പിളും വിഷമവൃത്തത്തിലാണ്. ലോകമെന്പാടും എെഫോണുകളുടെ വിതരണം പ്രതിസന്ധിയിലാണെന്നു കന്പനിയുടെ സിഇഒ ടിം കുക്ക് തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ, ചൈനയിൽ കൊറോണവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ അടച്ചിട്ട ഫാക്ടറികളുംമറ്റും ഉടൻതുറന്നു പ്രവർത്തിക്കുമെന്നു കന്പനി അറിയിച്ചു.
എെ ഫോണുകളും മറ്റ് ആപ്പിൾ ഉത്പന്നങ്ങളും വലിയതോതിൽ നിർമിക്കുന്നതു ചൈനയിലെ ഫാക്ടറികളിലാണ്. ഈ സ്ഥാപനങ്ങളെല്ലാംതന്നെ അടിച്ചിട്ടിരിക്കുകയായിരുന്നതിനാൽ വിതരണത്തിൽ വരുംനാളുകളിൽ വലിയ കുറവ് വരുമെന്നു വ്യക്തം.
ആപ്പിളിന്റെ വലിയ വിപണിയായ ചൈനയിൽ കോറോണ മൂലം പണിയും വരുമാനവുമില്ലാതെയായ ആളുകളിൽനിന്നു തങ്ങളുടെ ഉത്പന്നങ്ങൾക്കു കുറച്ച് നാളത്തേക്കു ഡിമാൻഡ് ഉണ്ടാവില്ലെന്നും ആപ്പിൾ തിരിച്ചറിയുന്നു.
ഏറ്റവും പുതിയ എെ ഫോണുകൾ വികസിപ്പിക്കാനായി ആപ്പിൾ എൻജിനിയർമാർ ചൈനയിലേക്കു പോകാനിരുന്നപ്പോഴാണു യാത്ര വിലക്ക് ഏർപ്പെടുത്തിയതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ മോഡൽ എെഫോണ്‍ സ്വന്തമാക്കാനിരിക്കുന്നവർ ഏറെ കാത്തിരിക്കേണ്ടിവരുമെന്നു ചുരുക്കം.
സോഫ്റ്റ്വേർ അപ്ഡേഷനും കുരുക്കിൽ
ഹാർഡ്വേർ വിഭാഗങ്ങൾക്കൊപ്പം സോഫ്റ്റവേർ രംഗവും പ്രതിസന്ധിയിൽതന്നെ. ആൻഡ്രോയിഡ് 10 ന് ഉള്ള സോഫ്റ്റവേർ അപ്ഡേറ്റുകൾ പ്രതീക്ഷിച്ചതിലും വൈകുമെന്നു സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഷവോമിയുടെ പുതിയ മോഡലായ എംഎെ എ3 യ്ക്കുള്ള സോഫ്റ്റ്വേർ അപ്ഡേഷൻ വൈകുന്നതു കൊറോണ പ്രതിസന്ധി മൂലമാണെന്നു കന്പനിയുടെ ഇന്ത്യയിലെ തലവൻ സുമിത് സോണൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക്
കലിഫോർണിയയിൽ മേയ് അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന എഫ്8 കോണ്‍ഫറൻസ്, ആളുകളുടെ സുരക്ഷയും ആരോഗ്യവും പരിഗണിച്ചു റദ്ദാക്കുകയാണെന്നു സോഷ്യൽമീഡിയ വന്പൻ ഫേസ്ബുക്ക് അറിയിച്ചു. എങ്കിലും പരിപാടി ലൈവ് സ്ട്രീമിംഗ് ആയി ചെറിയ തോതിൽ നടത്താനും കന്പനി ആലോചിക്കുന്നുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. വർഷാവർഷം ലോകമെന്പാടുംനിന്ന് 5000ൽ അധികം ഡെവലപ്പർമാരും സംരംഭകരും പങ്കെടുക്കാറുള്ള പരിപാടിയാണ് ഫേസ്ബുക്കിന്റെ എഫ് 8 കോണ്‍ഫറൻസ്.
പുതിയ പദ്ധതികളും നയങ്ങളുമൊക്കെ കന്പനി പ്രഖ്യാപിക്കാറുള്ളത് ഈ പരിപാടിയിലാണ്. കഴിഞ്ഞ വർഷം നടന്ന എഫ് 8 കോണ്‍ഫറൻസിലാണ് ഫേസ്ബുക്കിന്റെ പ്രൈവസി പോളിസിയിലെ മാറ്റങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
ഗൂഗിളും തങ്ങളുടെ ചൈനയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാത്രമല്ല ഏപ്രിലിൽ കലിഫോർണിയയിൽ നടത്താനിരുന്ന ഗൂഗിൾ ന്യൂസ് സമ്മിറ്റും അവർ റദ്ദാക്കി.
ജാപ്പനീസ് വീഡിയോ ഗെയിം വന്പനായ നിന്റൻഡോ തങ്ങളുടെ ഉത്പന്നങ്ങളുടെ വിതരണത്തിൽ കാലതാമസമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ചൈനയിൽ കാര്യമായി നിർമാണം നടത്താത്ത സാംസംഗ് കൊറോണക്കുരുക്കിൽ കാര്യമായി പെടാത്ത കന്പനിയാണെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ.
എന്നാൽ, ദക്ഷിണ കൊറിയയിലെ തങ്ങളുടെ വലിയൊരു ഫാക്ടറി അടച്ചിടേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ് സാംസംഗ് ഇപ്പോൾ. അവിടത്തെ ജീവനക്കാരിലൊരാൾക്കു കൊറോണ സ്ഥിരീകരിച്ചതാണു കാരണം.