ഷിബു ജേക്കബ്
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മിന്നിത്തെളിയുന്ന ഡിസ്ക്കോ ലൈറ്റുകളുടെ വെളിച്ചത്തില്‍ കൈവിരലുകള്‍ക്കൊണ്ട് നൃത്തവിസ്മയം തീർക്കുകയാണ് ഇംതിയാസ് എന്ന ഫിംഗര്‍ ഡാന്‍സ് കലാകാരൻ.
മരട് അയ്യപ്പന് മാസ്റ്റര്‍ റോഡില്‍ താമസിക്കുന്ന നീരോളിപ്പറമ്പില് വീട്ടില്‍ ഇംതിയാസ് അബൂബക്കറാണ് അംഗുലി ചലനം കൊണ്ട് നവമായ നൃത്തരൂപം കാഴ്ചവയ്ക്കുന്നത്.
കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ ഫിംഗര്‍ ഡാന്‍സര്‍മാര്‍ അപൂര്‍വമാണ്. അതില്‍ത്തന്നെ പൊതുവേദിയില്‍ ഫിംഗര്‍ ഡാന്‍സ് അവതരിപ്പിച്ച് പുരസ്ക്കാരങ്ങള്‍ നേടിയ ഒറ്റയാനാണ് ഇംതിയാസ്.
ഫിംഗര്‍ ഡാന്‍സിന്റെ പിറവി
1997 – 98 കാലഘട്ടത്തില്‍ തന്റെയടുക്കല്‍ ഡാന്‍സ് പഠിക്കാന്‍ വന്ന കുട്ടികളെ വിരല്‍ മുദ്രയുപയോഗിച്ച് നൃത്തം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ലഭിച്ച പ്രേരണയില്‍ നിന്നാണ് ഇംതിയാസ്, ഫിംഗര്‍ ഡാന്‍സ് കലയില്‍ തന്റേതായ അധ്യായം ചേര്‍ത്ത് തുടങ്ങിയത്.
സ്വയം നിരീക്ഷിച്ച് പഠിച്ച് തുടങ്ങിയ ഇംതിയാസിന് കാര്‍ട്ടൂണ്‍ പരമ്പരയായ ടോം ആന്‍ഡ് ജെറിയിലെ വിരലുകള്‍ തനിയെ പിയാനോ വായിക്കുന്ന ദൃശ്യങ്ങള്‍ ആവേശമായി.
അങ്ങനെ സ്വന്തമായി ഫിംഗര്‍ ഡാന്‍സ് ചെയ്തു പഠിച്ച ഇംതിയാസ് 2011 ലെ സ്വാതന്ത്രദിനത്തില്‍ മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ ആദ്യ ഫിംഗര്‍ ഡാന്‍സ് ഷോ നടത്തി.
വന്ദേമാതരം, മൈക്കിള്‍ ജാക്സന് ത്രില്ലര്‍ തുടങ്ങിയ ഗാനരൂപങ്ങള്‍ വിരലുകള്‍ കൊണ്ട് നൃത്തം ചെയ്യിച്ച് കാണികളെ കൈയിലെടുത്തു.
വിസ്മയിപ്പിക്കും വിരലുകള്‍
തെരഞ്ഞെടുത്ത ഗാനങ്ങള്‍ക്കനുസരിച്ച് പശ്ചാത്തലത്തിന് ചേര്‍ന്ന നിറങ്ങളുപയോഗിച്ച് വര്ണമനോഹരമാക്കിയ വിരലുകളാണ് ഇവിടെ നൃത്തം ചെയ്യുന്നത്.
തള്ളവിരലും ചെറുവിരലും കൈകളായി പ്രവര്‍ത്തിച്ച് മധ്യഭാഗത്തുള്ള വിരലുകളാണ് പാട്ടിനനുസരിച്ച് നൃത്തം വയ്ക്കുന്നത്.
2012 ലെ വാലന്റൈന്‍സ് ദിനത്തില്‍ “ലൗ ഈസ് ഡിവൈന്‍’ എന്ന പേരില്‍ പുറത്തിറക്കിയ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഫിംഗര്‍ ഡാന്‍സ് മ്യൂസിക് വീഡിയോ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംനേടി.
ഇതിന് പിന്നാലെ 2013 ല്‍ ആറ് സുന്ദരിമാരുടെ കഥ എന്ന സിനിമയിലും ഫിംഗര്‍ ഡാന്‍സ് ചെയ്യാന്‍ അവസരം ലഭിച്ചു.
തുടര്‍ന്ന് പരശുരാമനും കഥകളിയും പുലികളിയും മഹാബലിയുമെത്തുന്ന കേരളീയം എന്ന വീഡിയോ, പരസ്യ ചിത്രങ്ങള്‍ എന്നിവയും ഇംതിയാസിന്റേതായിറങ്ങി.
2017ല്‍ 500 ഓളം കുട്ടികളെയും ചേര്‍ത്ത് പുറത്തിറക്കിയ “റിഥം ഓഫ് വണ്‍ കെ വണ്‍ ഹാന്‍ഡ്സ്’ എന്ന ഫിംഗര്‍ ഡാന്‍സ് ഷോയാണ് വേള്‍ഡ് റിക്കാര്‍ഡ് നേടിയത്.
ഒന്നര മാസത്തെ പരിശീലനത്തിന് ശേഷമാണ് ഈ ഡാന്‍സ് ഷോ നടത്തിയത്.
ഭിന്നശേഷിക്കാര്‍ക്കായി
തന്റെ കലാ പ്രയാണത്തിനിടയില്‍ കണ്ടുമുട്ടിയ ഫിംഗര്‍ ഡാന്‍സ് ഇഷ്ടപ്പെടുന്ന ശാരീരിക ശേഷിക്കുറവുള്ള ഒരു കുട്ടി നൃത്തരൂപം പഠിച്ച് ശാരീരിക ക്ഷമത വര്‍ധിപ്പിച്ചതോടെ ഇംതിയാസ്, ഇത്തരം വൈകല്യങ്ങളുള്ള കുട്ടികളെ ഫിംഗര്‍ ഡാന്‍സ് പഠിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്.
വിരലുകള്‍ കൊണ്ട് ഓരോ പ്രകടനവും നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ അത് ഗുണകരമാകുന്നത് അവരുടെ തലച്ചോറിനാണ്.
വിരലുകള്‍ നൃത്തം ചെയ്യുമ്പോള്‍ ബ്രെയ്ന്‍ എക്സര്‍സൈസ് നല്ല രീതിയില്‍ വര്‍ധിക്കും. ഇത് വൈകല്യങ്ങളുള്ള കുട്ടികളുടെ ഐക്യു മെച്ചപ്പെടുത്തുമെന്ന തിരിച്ചറിവില്‍ ഇംതിയാസ്, സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഫിംഗര്‍ ഡാന്‍സ് പരിശീലിപ്പിക്കുന്ന കോണ്സെന്ട്രേഷന് ഡെവലപ്പ്മെന്റ് പ്രോഗ്രാമുകള്‍ നടത്താനായി പദ്ധതികള്‍ തയാറാക്കുകയാണ്.
ഏതാനും സ്കൂളുകള്‍ പുതിയ അധ്യയന വര്‍ഷം ഇംതിയാസിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരക്കേറിയ തന്റെ കലാജീവിതത്തിനിടയില്‍ വൈകല്യമുള്ള കുട്ടികളെ ഫിംഗര്‍ ഡാന്‍സ് അഭ്യസിപ്പിച്ച്, അവരെ അതിജീവനത്തിന്റെ പാതയിലേയ്ക്ക് വഴി നടത്തുവാനുള്ള പരിശ്രമത്തിലാണ് ഇംതിയാസ്.
പുരസ്കാരങ്ങള്‍ നിരവധി
ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, യുണീക്ക് വേള്‍ഡ് റിക്കാര്‍ഡ്, ഡബ്ല്യുആര്സിഎല് ലണ്ടന്‍, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളാണ് ഇംതിയാസ് ഇതിനകം നേടിയെടുത്തിട്ടുള്ളത്.
അറിയപ്പെടുന്ന തിയേറ്റര്‍ പെര്‍ഫോര്‍മര്‍ കൂടിയായ ഇംതിയാസ് വിവിധ രാജ്യങ്ങളില്‍ കള്‍ച്ചറല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ സിനിമകള്‍ക്കായി 82 പാട്ടുകള്‍ക്കും കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്.