പന്തുകളി സിരകളിലും കാലിലും ഒരു ഭ്രാന്തുപോലെ പടർന്നുകയറിയ കാലത്ത് രാവേറെ വൈകി തുടങ്ങുന്ന കളികൾ കാണാൻ ഉറക്കം കളഞ്ഞിരിക്കുന്ന നാളുതൊട്ടേ ഡിയേഗോ മാറഡോണ എന്റെ ഉറക്കത്തെ എന്നിൽനിന്നും തട്ടിയകറ്റിയിരുന്നു – ഒരു മനോഹരമായ പാസ് പോലെ…..
2012ൽ കണ്ണൂരിൽ ബോബി ചെമ്മണ്ണൂരിനൊപ്പം മാറഡോണയെ കാണാൻ ചെന്ന ആ രാത്രി.. അന്നു ഞാനും ജോപോളുമെല്ലാമടങ്ങുന്ന സംഘം രാത്രി വൈകിയും ഹോട്ടലിൽ ബോബിക്കൊപ്പം കാത്തിരുന്നു. എന്നാൽ, മാറഡോണ മുറിക്കു പുറത്തേക്കു വന്നില്ല.
പത്തുപതിനൊന്നു മണിവരെ ഇപ്പൊ വരും ഇപ്പൊ വരും എന്നു കരുതി. ഒടുവിൽ ബോബി വന്നു പറഞ്ഞു, നാളെ കാണാം. ഡിയേഗോ നല്ല ഉറക്കത്തിലാണെന്ന്…
ഡിയേഗോ വന്നാൽ കൂടെനിന്നൊരു ഫോട്ടോ എന്ന ആഗ്രഹമാണ് ആ നിമിഷം കൈവിട്ടുപോയത്. പെനൽറ്റി നഷ്ടപ്പെടുത്തി മടങ്ങുംപോലെ ഞാൻ മടങ്ങി.
പക്ഷേ, അന്നു രാത്രിയും ഡിയേഗോ എന്റെ ഉറക്കത്തെ തട്ടിയകറ്റി. നാളെ ഡിയേഗോയെ കാണാം എന്ന ചിന്ത ഉറക്കത്തെ ഇല്ലാതാക്കി. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
പിറ്റേന്ന് ഡിയേഗോയെ കണ്ടു, രണ്ടു മിനിറ്റുനേരം മാറഡോണക്കൊപ്പം പന്തു തട്ടി…എല്ലാം സ്വപ്നം പോലെ തോന്നി. ഒരിക്കലും ജയിക്കില്ലെന്നു കരുതിയ കളി അപ്രതീക്ഷിതമായി ജയിച്ചപോലെയുള്ള ഫീൽ…
അന്നു രാത്രിയും ഡിയേഗോ പതിവുപോലെ എന്റെ ഉറക്കത്തെ തട്ടിത്തെറിപ്പിച്ചു. നടന്നതെല്ലാം സ്വപ്നമോ യാഥാർഥ്യമോ എന്നു സ്ഥിരീകരിക്കാനാവാതെ ആ പകൽപ്പൂരത്തിന്റെ ഹാംഗ് ഓവറിൽ അന്നു രാത്രിയും ഞാനുറങ്ങിയില്ല.
ഇതാ, ഒടുവിൽ കഴിഞ്ഞ രാത്രിയിലും ഡിയേഗോ എന്നെ ഉറക്കിയില്ല. തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്കുള്ള രാത്രി യാത്രയ്ക്കിടയിലാണ് ഡിയേഗോ മരിച്ചെന്ന വാർത്ത അറിയുന്നത്.
കാറിൽ ചാരിക്കിടന്നു പുറത്തേക്കുനോക്കിയിരിക്കുമ്പോൾ ഒരിക്കൽകൂടി ഡിയേഗോ എന്റെ ഉറക്കത്തെ തട്ടിയകറ്റുകയായിരുന്നു.
വിശ്വസിക്കാനാവുന്നില്ല, മാറഡോണ ഇല്ലാതായെന്ന്. കാണികളെ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഗോളടിക്കുംപോലെയാണ് എനിക്കീ മരണം.
കണ്ണൂരിൽ കണ്ടപ്പോൾ മാറഡോണയ്ക്കൊപ്പമുണ്ടായിരുന്ന ട്രാൻസ്ലേറ്റർ എന്നെ ഇന്ത്യൻ ഫുട്ബോൾ പ്ലെയർ എന്നുപറഞ്ഞാണ് പരിചയപ്പെടുത്തിയത്. രണ്ടു മിനിറ്റ് ഫുട്ബോൾ തട്ടാൻ കിട്ടിയ ആ സൗഭാഗ്യം…അത് ഈ ജന്മം മറക്കാനാവില്ല…
ഒരുപക്ഷേ, തലേദിവസം ഹോട്ടലിൽ കണ്ട് ഫോട്ടോയെടുത്തിരുന്നെങ്കിൽ പിറ്റേന്നു ഗ്രൗണ്ടിൽ വച്ച് ഒരിക്കൽകൂടി കാണാനോ കൂടെ ഫുട്ബോൾ തട്ടാനോ എനിക്കവസരം കിട്ടില്ലായിരുന്നു.
ഹോട്ടലിൽ കാണാൻ കഴിയാതിരുന്നതിന്റെ നിരാശ വളരെ വലുതായിരുന്നുവെങ്കിലും പിറ്റേന്നു കിട്ടിയ ഭാഗ്യങ്ങൾ എല്ലാ വിഷമങ്ങളും മാറ്റി. അല്ലെങ്കിലും ഫുട്ബോളിന്റെ ഇതിഹാസത്തിനറിയാലോ നമ്മടെ വിഷമം…. അതങ്കട് തീർത്തുതന്നു….
ഞാൻ പണ്ടു കളിക്കുമ്പോൾ മാറഡോണയുടെ കളിനീക്കങ്ങൾ അനുകരിക്കാൻ ശ്രമിച്ചിരുന്നു. ടിവിയിൽ ഡിയേഗോയുടെ പല നീക്കങ്ങളും പാസുകളും കണ്ട് അതുപോലെ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവനാണു ഞാൻ. ഡിയേഗോ എവിടെ, ഞാനെവിടെ എന്നു മനസിലായ നിമിഷങ്ങൾ.
മാറഡോണയെ ആരാധിച്ച് ആരാധിച്ചാണ് അർജന്റീനയുടെ ആരാധകനായത്. വീട്ടിൽ ടിവിയില്ലാതിരുന്ന കാലത്തു ചെമ്പുക്കാവിലെ വൽസേട്ടന്റെ ചായക്കടയിലെ ടിവിയിലാണ് കളി കണ്ടിരുന്നത്.
അന്നു മാറഡോണ കാലിൽ പന്തുമായി ഗോൾപോസ്റ്റ് ലക്ഷ്യമാക്കി പായുമ്പോൾ ചായക്കടയിൽ ഇരുന്നിരുന്നവരെല്ലാം ഗാലറികളിലെന്ന പോലെ ആരവം മുഴക്കാറുണ്ട്.
അതായിരുന്നു മാറഡോണ. അർജന്റീനയിലായാലും അമേരിക്കയിലായാലും അരണാട്ടുകരയിലായാലും ഇവിടെ ചെമ്പുക്കാവിലായാലും ആരാധകരെ ത്രസിപ്പിക്കുന്ന ഡിയേഗോ…
ഫുട്ബോളിന്റെ ദൈവത്തിനു മൈതാനം വെറും ഗ്രൗണ്ട് മാത്രമല്ലെന്നും ഫുട്ബോൾ വെറും പന്തായിരുന്നില്ലെന്നും മനസിലായതു കണ്ണൂരിൽവച്ചാണ്. ഫുട്ബോൾ ഗ്രൗണ്ടിന്റെ മാതൃകയിൽ ഒരു കേക്കും ഗ്രൗണ്ടിനു നടുവിൽ ഫുട്ബോളിന്റെ ആകൃതിയിൽ കേക്കും ഒരുക്കിയിരുന്നു.
ഫുട്ബോൾ കേക്ക് മുറിക്കാൻ മാറഡോണയെ ക്ഷണിച്ചപ്പോൾ അദ്ദേഹം ആ കേക്ക് നോക്കിയശേഷം തനിക്കതു മുറിക്കാനാകില്ലെന്നു വളരെ സ്നേഹത്തിൽ പറഞ്ഞു.
യാതൊരു മയവുമില്ലാതെ ഫുട്ബോളിനെ ഗ്രൗണ്ടിലിട്ടു തട്ടുമെങ്കിലും, ആഞ്ഞടിക്കുമെങ്കിലും ഫുട്ബോളിന്റെ ദൈവത്തിനു ഫുട്ബോൾ ഒരു വിശുദ്ധ വിഗ്രഹമായിരുന്നു. പന്തു തട്ടിക്കളിക്കുന്ന മൈതാനം ആ വിഗ്രഹമിരിക്കുന്ന ആരാധനാലയവും.
അതു മുറിക്കാൻ ഡിയേഗോയ്ക്ക് ആകുമായിരുന്നില്ല. മൈതാനത്തിന്റെ ആകൃതിയിലുള്ള കേക്കിന്റെ പുറത്തെ ചില ഭാഗങ്ങൾ മാത്രമേ അന്നു ഡിയേഗോ മുറിച്ചുള്ളു. അതൊരു വലിയ അനുഭവമായിരുന്നു.
അപ്പോഴാണ് ഒരു കാര്യംകൂടി മനസിലായത്…ഡിയേഗോ കാലിൽ പന്തു തൊടുന്നത് എത്ര സ്നേഹത്തോടെയാണെന്ന്….ആക്രമിച്ചു കളിക്കുമ്പോഴും ഡിയേഗോയുടെ കാലിൽ പന്ത് കൂട്ടുകാരനെപ്പോലെയായിരുന്നുവെന്ന്….
അദ്ദേഹം കാലത്തിന്റെ റെഡ് കാർഡ് കണ്ട് ഈ ഭൂമിയിൽനിന്നു മടങ്ങിയിരിക്കുന്നു…കൂട്ടുകാരന്റെ കാലനക്കമില്ലാത്ത മൈതാനത്തു ഫുട്ബോൾ മാത്രം ബാക്കിയാകുന്നു….