കുഞ്ഞിനെ മാറോടണച്ച്, ചോരയൊലിപ്പിച്ചിരിക്കുന്ന തള്ളക്കുരങ്ങ്! വേദനയൂറുന്ന ആ ചിത്രം പകര്‍ത്തിയതിന് പിന്നിലെ കാരണമായി ചിത്രം എടുത്ത അഗസ്റ്റിന്‍ പറയുന്നതിങ്ങനെ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ ലോകത്ത് ഏറെ ചര്‍ച്ചയായ ഒരു ചിത്രമുണ്ട്. മിണ്ടാപ്രാണിയായ ഒരു അമ്മക്കുരങ്ങിനോട് ആളുകള്‍ ചെയ്ത ക്രൂരത തുറന്നുകാണിക്കുന്ന ഒരു ചിത്രമായിരുന്നു അത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ ഉത്തമ ഉദാഹരണമായി ആളുകള്‍ ചൂണ്ടിക്കാണിച്ച ചിത്രമായിരുന്നു അത്.

എന്താണ് ആ അമ്മക്കുരങ്ങിന് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രം പകര്‍ത്തിയ ഫോട്ടാഗ്രാഫര്‍. സോഷ്യല്‍ ലോകത്ത് ചിത്രത്തെ കുറിച്ചും ഫോട്ടോഗ്രാഫറെക്കുറിച്ചും പങ്കുവച്ച കുറിപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നത്.

മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ് ഈ വൈറല്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയി വരുന്ന വഴിയാണ് ഈ ദയനീയ കാഴ്ച കാണുന്നത്. കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ ഈ കുരങ്ങനെയും കുഞ്ഞിനെയും മുന്‍പ് കണ്ടിരുന്നു. വഴിവക്കില്‍ യാത്രക്കാര്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു ഈ കുരങ്ങ്.

പക്ഷേ തിരിച്ചുവന്നപ്പോള്‍ കണ്ടത് ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു. ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുകയായിരുന്നു ആ കുരങ്ങ്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആ അമ്മ അതിന് അനുവദിച്ചില്ല. മനുഷ്യരെ ഭയന്ന് കുഞ്ഞിനെ മാറോട് ചേര്‍ത്ത് നില്‍ക്കുകയായിരുന്നു കുരങ്ങ്. ഇത് സംബന്ധിച്ച് ബിഗം എംജെ സുമി ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പിലാണ് ഫോട്ടോയ്ക്ക് പിന്നിലുള്ള സംഭവത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെണ്‍കുരങ്ങ്; ഈ ചിത്രം പകര്‍ത്തിയത് അഗസ്റ്റിനാണ്: അതിനൊരു കാരണമുണ്ട്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെണ്‍ കുരങ്ങ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും വൈറല്‍ ആയ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ ആരാണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് വ്യക്തതയില്ലായിരുന്നു. ഇപ്പോള്‍ ഈ ചിത്രമെടുത്തത് താനാണെന്ന് വ്യക്തമാക്കി മൂന്നാര്‍ സ്വദേശിയായ അഗസ്റ്റിന്‍ രംഗത്തെത്തിയിരിക്കുന്നു.

വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു. സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു.

അതിനിടയില്‍ അഗസ്റ്റിന്‍ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകര്‍ത്തിയിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ിടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു.

അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്റ്റിന് തോന്നിയത്. ഈ ഒരു കാര്യം ലോകത്തോടു പറയുവാന്‍ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അഗസ്റ്റിന്‍ ഇപ്പോള്‍ രംഗത്തു വന്നതും.

ഈ ഭൂമി മനുഷ്യര്‍ക്കു മാത്രമല്ല ഇത്തരത്തിലുള്ള ജീവികള്‍ക്കും കഴിയാനുള്ള ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അഗസ്റ്റിന്‍. മനുഷ്യന്‍ അവനെ ലാഭത്തിനുവേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ഇരയാകുന്നത് ഇങ്ങനെയുള്ള പാവം മൃഗങ്ങളാണ്. ഈ വ്യവസ്ഥിതി മാറണം. അവരുടെ ജീവിതവും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വെറുതെ പറഞ്ഞാല്‍ ആരും വായിക്കില്ല. അതിനുവേണ്ടിയാണ് താന്‍ ഈ ചിത്രം പകര്‍ത്തിയത്.

Related posts