ഐസിസി ലോക ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഓസ്ട്രേലിയൻ താരങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. മൂന്നു സ്ഥാനം മുന്നേറി ട്രാവിസ് ഹെഡ് മൂന്നാം സ്ഥാനത്ത് എത്തിയതോടെയാണു റാങ്കിംഗിലെ ആദ്യ മൂന്നു സ്ഥാനങ്ങളും ഓസീസ് താരങ്ങൾ സ്വന്തമാക്കിയത്.
നീണ്ട 39 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐസിസി റാങ്കിംഗിൽ ഒരു രാജ്യത്തെ മൂന്നു പേർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിക്കുന്നത്.
ലബൂഷെയ്ൻ
ഓസീസ് ബാറ്റർ മാർനസ് ലബൂഷെയൻ 903 റേറ്റിംഗ് പോയിന്റുമായാണ് ഐസിസി ടെസ്റ്റ് ബാറ്റർമാരിൽ ഒന്നാം സ്ഥാനത്തുള്ളത്. 885 പോയിന്റുമായി സ്റ്റീവ് സ്മിത്ത് രണ്ടാമതും 884 പോയിന്റുമായി ട്രാവിസ് ഹെഡ് മൂന്നാമതുമാണ്.
ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരേ ലബൂഷെയ്നിനു (26, 41) തിളങ്ങാൻ സാധിച്ചില്ലെങ്കിലും റാങ്കിംഗിൽ ഇളക്കം സംഭവിച്ചില്ല.
ഇന്ത്യക്കെതിരേ ഒന്നാം ഇന്നിംഗ്സിൽ നിർണായകമായ സെഞ്ചുറി (163) നേടിയതാണ് ട്രാവിസ് ഹെഡിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. സ്റ്റീവ് സ്മിത്തും (121, 34) ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
883 പോയിന്റുമായി ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി നാലാമതായി. പാക്കിസ്ഥാന്റെ ബാബർ അസം (862), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (861) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ.
ഋഷഭ് പന്ത്
ഐസിസി ടെസ്റ്റ് ബാറ്റർമാരിൽ 10-ാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് (758) ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത്. രോഹിത് ശർമ (729), വിരാട് കോഹ്ലി (700) എന്നിവർ 12ഉം 13ഉം സ്ഥാനങ്ങളിലാണ്.
അതേസമയം, ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും ആർ. അശ്വിൻ (860) ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സ്, ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും (434), ആർ. അശ്വിനും (352) ആദ്യ രണ്ടു സ്ഥാനങ്ങളിലും തുടരുകയാണ്.
വിൻഡീസ്
ഒരു രാജ്യത്തിലെ മൂന്ന് ബാറ്റർമാർ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണ. 1984 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ്, ക്ലൈവ് ലോയ്ഡ്, ലാറി ഗോമസ് എന്നിവരാണ് ഇതിനു മുന്പ് ഐസിസി ബാറ്റിംഗ് റാങ്കിൽ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ വിഹരിച്ചത്.
അന്ന് ഗ്രീനിഡ്ജിന് 810 റേറ്റിംഗ് പോയിന്റായിരുന്നു, ക്ലൈവ് ലോയ്ഡിന് 787ഉം ലാറി ഗോമസിന് 773 പോയിന്റും.