എംജെ ശ്രീജിത്ത്
തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പീഡന പരാതിയിൽ മുംബൈ പോലീസ് കേസെടുത്തതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സിപിഎമ്മിനുള്ളിൽ ഒറ്റപ്പെടുന്നു. മക്കളുമായി ബന്ധപ്പെട്ട് പലതവണ വിവാദത്തിലായ കോടിയേരിയെ ഇതുവരെ ഒരു പരിധിവരെ സംരക്ഷിച്ചു നിന്നിരുന്നത് സിപിഎം കേന്ദ്ര നേതൃത്വമാണ്.
നേരത്തെ തന്നെ കണ്ണൂർ ലോബിയുടെ കണ്ണിലെ കരടായ കോടിയേരിയെ പിന്നിൽ നിന്നു കുത്താനുള്ള അവസരങ്ങളെല്ലാം നന്നായി അവർ ഉപയോഗിച്ചിരുന്നു. ബിനോയിയ്ക്കെതിരെ ബീഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ഓഷിവാര പോലീസ് ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കോടിയേരിയുടെ മക്കളായ ബിനോയ്ക്കും ബിനീഷിനുമെതിരെ നേരത്തേയും പലതരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. ഇതെല്ലാം വലിയ വിവാദങ്ങളാകുകയും ചെയ്തിരുന്നു.
എന്നാൽ പീഡനകേസിൽ കേസ് രജിസ്റ്റർ ചെയ്യപ്പട്ടതോടെ അത് ഇപ്പോൾ തന്നെ പൊതു സമൂഹത്തിലും പാർട്ടിക്കുള്ളിലും വലിയ ചർച്ചയായിരിക്കുകയാണ്. ബാർ ഡാൻസർ ആയ യുവതിയെ ഡാൻസ് ബാറിൽ വച്ചാണ് പരിചയപ്പെട്ടതെന്ന കാര്യം കൂടി പുറത്തു വന്നതോടെ വിവാദത്തിന് മറ്റൊരു വശം കൂടി കൈവന്നിരിക്കുകയാണ്. പാർട്ടി സെക്രട്ടറിയുടെ മക്കളുടെ ബിസിനസ് ബന്ധങ്ങളേയും പണത്തിന്റേയും കണക്കുകളെക്കുറിച്ച് പലതവണ ചർച്ചകൾ ഉയർന്നിരുന്നെങ്കിലും അതെല്ലാം പതിയെ കെട്ടടങ്ങി പോകുകയാണ് ചെയ്തിരുന്നത്.
എന്നാൽ ഇപ്പോഴത്തെ വിവാദത്തിൽ കോടിയേരിയ്ക്ക് മറുപടി പറയേണ്ട അവസ്ഥയാണ്. ആയുർവേദ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല. പിണറായിക്ക് ശേഷം ആരെന്ന ചോദ്യത്തിന് കോടിയേരിയെന്ന മറുപടി ഉയർന്നു വരുന്ന അവസരത്തിലാണ് ഇപ്പോഴത്തെ വിവാദം പൊട്ടിപ്പുറപ്പെട്ടതെന്നതും ശ്രദ്ധയേമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന സിപിഎമ്മിന് കോടിയേരിയുടെ മകനെതിരെയുള്ള കേസ് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരോപണ വിധേയനെ പാർട്ടി സംരക്ഷിക്കില്ലെന്ന മറുപടി നൽകി ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും അത് എത്രമാത്രം ഫലം കാണുവെന്ന് അറിയില്ല.
അടുത്ത സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ലക്ഷ്യമിടുന്ന പലരും ഇപ്പോൾ തന്നെ പാർട്ടിയ്ക്കുള്ളിലുണ്ട്. ഇപ്പോഴത്തെ വിവാദം അവർക്ക് നൽകിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട ചില നേതാക്കൾ ഈ അവസരം ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ വിവാദത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുമെന്നും ഉറപ്പാണ്.
ആരോപണ വിധേയനെ ഒരു തരത്തിലും സംരക്ഷിക്കരുതെന്ന കർശന നിർദ്ദേശം തന്നെ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകി കഴിഞ്ഞു. കേസ് കേസിന്റെ വഴിയെ തന്നെ പോകട്ടെയെന്നും ഒരു തരത്തിലുമുള്ള സംരക്ഷണം സർക്കാരിൽ നിന്നോ പാർട്ടിയിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന നിർദ്ദേശം പിണറായി വിജയനും നൽകികഴിഞ്ഞു. അതിനാൽ ഈ വിഷയം ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട ബാധ്യത കോടിയേരിക്ക് മാത്രമായിക്കഴിഞ്ഞു.