സ്വന്തം ലേഖകൻ
അങ്കമാലി: ഭാരതത്തിന്റെ ആദര്‍ശപരമായ അടയാളമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചരിത്രപരമായ സ്ഥാനമാണിത്.
അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധ്യക്ഷപദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്നതാണ്. അതുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമം ഉള്‍ക്കൊണ്ട് പ്രവര്ത്തിക്കുന്നയാളാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.
ആ സ്ഥാനത്തേക്കു വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള ആളായിരിക്കണം.താൻ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാക്കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെ മറ്റൊരു പാര്‍ട്ടിയോടും നിങ്ങള്‍ ചോദ്യം ഉയര്‍ത്താറില്ല.
ഇന്ത്യയില്‍ കോണ്‍ഗ്രസിന് അത്രമേല്‍ സ്ഥാനമുണ്ടെന്ന് ഇതു തെളിയിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്.
ഭാരത് ജോഡോ യാത്രയ്ക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്. 2024ലെ തെരഞ്ഞെടുപ്പ് അല്ല യാത്രയുടെ ലക്ഷ്യം. ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനാണു യാത്ര. യുപിയില്‍ ചെയ്യേണ്ടത് എന്തെന്നതിൽ കോൺഗ്രസിനു കൃത്യമായ കാഴ്ചപ്പാടുണ്ട്.
യാത്ര ഏതൊക്കെ സംസ്ഥാനങ്ങളില്‍കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനത്തിലും പ്രതിഫലിക്കണമെന്നതാണ്.
യുപിയിലൂടെ കുറച്ചുദിവസം മാത്രമാണ് യാത്ര കടന്നു പോകുന്നത്. പക്ഷേ, ബിഹാറിലോ ബംഗാളിലോ ഗുജറാത്തിലോകൂടി യാത്ര കടന്നുപോകുന്നില്ല.
പതിനായിരക്കണക്കിന് കിലോമീറ്റര്‍ നടക്കുക എന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ യാത്രയുടെ റൂട്ടുകളില്‍ ചില പരിമിതികളുണ്ടാകും.
ഭാരത് ജോഡോ യാത്രയിലെ ഒരു അണിമാത്രമാണ് താനെന്നും മാധ്യമങ്ങളാണ് തന്നിലേക്ക് യാത്ര കേന്ദ്രീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.