ജോണ്സണ് വേങ്ങത്തടം
കൊച്ചി: മലപ്പുറത്തിനു പുറത്തു സമാനതകളില്ലാതെ, മുസ്ലീംലീഗ് നേതാക്കളെ പോലും അമ്പരപ്പിച്ചു വളര്‍ന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ ഞെട്ടി പാർട്ടി.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷൻ, കിഫ്ബി വിഷയങ്ങളിൽ വലിയ പടയൊരുക്കം നടത്തേണ്ട സമയത്താണ് അപ്രതീക്ഷിതമായി ലീഗിന്റെ പ്രമുഖനേതാവ് അഴിമതിക്കേസിൽ അകത്തായിരിക്കുന്നത്.
മറ്റൊരു ലീഗ് എംഎല്‍എ എം.സി.കമറുദീനു പിന്നാലെ മുന്‍മന്ത്രി വി.കെ. ഇബാഹിംകുഞ്ഞും അറസ്റ്റിലായതോടെ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് വലിയ പ്രതിരോധം തീർക്കേണ്ട സ്ഥിതിയിലായി യുഡിഎഫിലെ ഏറ്റവും പ്രബലമായ ഘടകകക്ഷി.
രണ്ടു മുസ്ലീംലീഗ് എംഎല്‍എമാര്‍ 11 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് പാര്ട്ടിയിലുണ്ടാക്കിയിരിക്കുന്നതു വലിയ അങ്കലാപ്പും അനിശ്ചിതത്വവുമാണ്.
അതിനു പുറമെയാണ് മറ്റൊരു ലീഗ് എംഎല്‍എയായ കെ.എം ഷാജി അഴിമതിക്കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെ രാഷ്ട്രീയ പ്രേരിതനീക്കം എന്നാരോപിക്കുമ്പോഴും ലീഗിന്റെ തളര്‍ച്ച യുഡിഎഫിനെയും ബാധിക്കുകയാണ്.
കമറുദീന്റേതു ബിസിനസ് പൊളിഞ്ഞതാണെന്ന വാദമാണ് ലീഗ് ഉയര്‍ത്തിയിരുന്നത്. കെ.എം. ഷാജിയുടെ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ്. .
മുമ്പ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനായപ്പോഴാണ് ലീഗ് ഇതുപോലൊരു പ്രതിസന്ധിയിലൂടെ കടന്നുപോയത്. അന്നു മുസ്ലീം ലീഗ് സംസ്ഥാന ഭരണത്തിൽ പങ്കാളിയായിരുന്നു.
എന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. ഐസ് ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കു രാജിവച്ചൊഴിയേണ്ടിവന്നപ്പോള് പകരക്കാരനായി ലീഗ് നിശ്ചയിച്ചതും മറ്റൊരു പേരല്ലായിരുന്നു.
ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്തെ പാർട്ടി നേതാക്കള്‍ക്കു പോലും അസൂയയും അമ്പരപ്പും ഉളവാക്കുന്ന വളര്‍ച്ചയായിരുന്നു പിന്നീടങ്ങോട്ട് ഇബ്രാഹിംകുഞ്ഞിന്റേത്.
തുടര്‍ച്ചയായി നാലു തവണ നിയമസഭയിലേക്ക് ഇബ്രാഹിംകുഞ്ഞല്ലാതെ മറ്റൊരു പേര് കൊച്ചി മേഖലയില്‍ നിന്നു പരിഗണിച്ചേയില്ല എന്നതു പാര്‍ട്ടിയ്ക്കകത്തെ അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു.
2005 ല്‍ രണ്ടാംവട്ടം ഐസ്ക്രീം കേസ് വിവാദമായപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് രാജി വയ്ക്കേണ്ടി വന്നിരുന്നു.
അന്ന് ആ കസേരയിലിരിക്കാന്‍ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുത്തത് നിയമസഭയിൽ കന്നിക്കാരനായിരുന്ന ഇബ്രാഹിംകുഞ്ഞിനെയാണ്. എം.കെ.മുനീറിനെ പോലെയുള്ള പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കിയായിരുന്നു ഇതെന്നും ശ്രദ്ധേയമായിരുന്നു.
മലപ്പുറത്തിനു പുറത്തുനിന്നുള്ള പുതുമുഖത്തെ മന്ത്രിയായി അവരോധിച്ചത് അന്ന് ലീഗിലെ പല പ്രമുഖരെയും അമ്പരപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ആശീർവാദത്തോടുകൂടിയാണ് രണ്ടാം വട്ടവും ഇബ്രാഹിം കുഞ്ഞ് മന്ത്രിക്കസേര സ്വന്തമാക്കിയത്.
മലബാറിന് പുറത്തെ അധികാരകേന്ദ്രമായി വളര്‍ന്ന ഇബ്രാഹിംകുഞ്ഞ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പേരെടുത്ത മന്ത്രിയായി. സ്വകാര്യ ചാനലിന്റെ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് വരെ അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ അന്നു മുതലേ ഇബ്രാഹിംകുഞ്ഞിന്റെ പല തീരുമാനങ്ങള്‍ക്കും എതിരേ ലീഗിനകത്ത് പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു.
പൊതുമരാമത്ത് വകുപ്പിലെ റോഡ്, പാലം നിര്‍മാണങ്ങളെ ക്കുറിച്ചായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. എംഎസ്എഫും യൂത്ത് ലീഗും വഴി കൊച്ചിയിലെ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയിലുളള പ്രവര്‍ത്തനത്തിലൂടെയാണ് ഇബ്രാഹിംകുഞ്ഞ് മട്ടാഞ്ചേരി മേഖലയിലെ പ്രമുഖനായി വളര്‍ന്നത്.
ടി.എ അഹമ്മദ് കബീറിനെപ്പോലുളള ആശയ അടിത്തറയുളള നേതാക്കളെ അവഗണിച്ചാണ് ലീഗ് ഇബ്രാഹിംകുഞ്ഞിന് പലപ്പോഴും അവസരം നല്‍കിയത്.
തന്റെ വിശ്വസ്തരായ കമറുദീനും ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായത്, തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിയുക്തനായ കുഞ്ഞാലിക്കുട്ടിയെ ചെറുതായൊന്നുമല്ല അസ്വസ്ഥനാക്കുന്നത്.
അതേസമയം എം.സി കമറുദീനെയും വി.കെ ഇബ്രാഹിം കുഞ്ഞിനെയും കൈയൊഴിയാന്‍ ലീഗ് നേതൃത്വം തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.