സ്വന്തം ലേഖകൻ
പുതുക്കാട്(തൃശൂർ): ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ നടുറോഡിലിട്ടു വെട്ടിക്കൊന്ന മകനെ അറസ്റ്റു ചെയ്തു. ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രഹ്മണ്യൻ എന്ന കുട്ടൻ(68), ഭാര്യ ചന്ദ്രിക(62) എന്നിവരെ കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അനീഷ് ഇന്നു പുലർ ച്ചെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട അനീഷ് കൊടുങ്ങല്ലൂരിലെത്തി ബൈക്ക് അവിടെ വെച്ച ശേഷം കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോവുകയും പിന്നീട് അവിടെ നിന്ന് ട്രെയിനിൽ തിരിച്ച് തൃശൂർക്ക് ഇന്നു പുലർച്ചെ എത്തുകയുമായിരുന്നു.
കീഴടങ്ങിയ പ്രതിയെ ഈസ്റ്റ ്പോലീസ് അറസ്റ്റു ചെയ്ത് പിന്നീട് വെള്ളിക്കുളങ്ങര പോലീസിന് കൈമാറി.
കുടുംബകലഹം പതിവ്
ഇന്നലെ രാവിലെ ഒന്പതിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഇവരുടെ വീട്ടിൽ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാവിലെ മുറ്റത്തു മാവിൻതൈ നടുന്നതിനെച്ചൊല്ലിയാണു സുബ്രഹ്മണ്യനും അനീഷുമായി വഴക്കുണ്ടായത്. ചോദ്യം ചെയ്യാനെത്തിയ ചന്ദ്രികയെ ആദ്യം അനീഷ് തൂന്പകൊണ്ട് തലയ്ക്കടിച്ചു.
തുടർന്നു വീട്ടിനകത്തുനിന്നു വെട്ടുകത്തിയെടുത്തു കൊണ്ടുവന്നശേഷം ഇരുവരെയും വെട്ടി. പ്രാണരക്ഷാർഥം വീടിനു മുന്നിലെ റോഡിലേക്ക് ഓടിയ ഇരുവരെയും നടുറോഡിൽവച്ച് അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം വിവരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതിനു ശേഷമാണ് മൊബൈൽ ഫോണ് വീട്ടിൽ ഉപേക്ഷിച്ച് അനീഷ് കടന്നുകളഞ്ഞത്.
സുബ്രഹ്മണ്യന്റെ കഴുത്തിനു നിരവധി തവണ വെട്ടേറ്റതായി പോലീസ് പറഞ്ഞു. പ്രതിക്കായി ഇന്നലെ തന്നെ വെള്ളിക്കുളങ്ങര പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.