തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് നടത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു.
പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനത്തിന്റെ നന്പർ വ്യക്തമാകാത്തതാണ് അക്രമിയെ കണ്ടെ ത്താൻ വൈകുന്നതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
അക്രമി രക്ഷപ്പെട്ട് പോയതും അല്ലാത്തതുമായ കുടുതൽ പ്രദേശങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംശയമുള്ള വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതിയെ കണ്ടെ ത്താൻ സമയം വേണ്ടി വരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രതിയെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ പതിമൂന്നിന് രാത്രിയിലാണ് മെഡിക്കൽ സ്റ്റോറിലേക്ക് മരുന്ന് വാങ്ങാനായി പോയ വീട്ടമ്മയ്ക്കുനേരേ സ്കൂട്ടറിലെത്തിയ യുവാവിൽ നിന്നും ആക്രമണം നേരിട്ടത്.
ആക്രമണ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും പോലീസ് കാര്യമായെടുക്കാത്തതിനാൽ അക്രമി രക്ഷപ്പെടുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിരുന്നു.