തിരുവനന്തപുരം: ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്യൂണിസമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.
ശമ്പളം വൈകിയതിന് യൂണിഫോമില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാകണ്ടക്ടറെ സ്ഥലം മാറ്റിയതിലുള്ള പ്രതികരണമായി ഫേസ്ബുക്കിലാണ് വി. മുരളീധരന് വിമർശനമുന്നയിച്ചിരിക്കുന്നത്.
പാർട്ടി സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ തൊഴിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഎം തന്നെയെന്നും തൊഴിലാളി വർഗ പാർട്ടിയെന്നതിനെക്കാൾ “തൊഴിലാളി വിരുദ്ധ പാർട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകമെന്നും മുരളീധരൻ കുറിച്ചു.
സമരങ്ങളുടെ പേരിൽ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള പാർട്ടി നയിക്കുന്ന സർക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരേ പ്രതികാര നടപടി സ്വീകരിച്ചത്.
പണിയെടുത്തു കൊണ്ടാണ് വനിതാ കണ്ടക്ടർ പ്രതിഷേധിച്ചത്.തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങൾക്കും യുവജന കമ്മിഷൻ അധ്യക്ഷയുടെ ശമ്പളത്തിനും മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷനും മറ്റുമായി കോടികൾ ധൂർത്തടിക്കുന്ന നാട്ടിലാണ് ജീവിത പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാട്ടി വനിതാകണ്ടക്ടർ പ്രതിഷേധിക്കുന്നതെന്നുമോർക്കണമെന്നും വി.മുരളീധരൻ കുറിച്ചു.