ന്യൂഡൽഹി: 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള വ്യക്തികൾക്കും കമ്പനികൾക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 1.16 ലക്ഷം പേർക്ക് നോട്ടീസ് അയച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. നോട്ട് നിരോധനത്തിനുശേഷം 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർക്ക് വ്യക്തമായ വിശദീകരണം നല്കാത്തതിനാലാണ് നോട്ടീസ് അയച്ചത്. ആദായനികുതി അടച്ച വലിയ തുകയുടെ നിക്ഷേപകരും വകുപ്പിന്റെ നിരീക്ഷണത്തിൽ ഉൾപ്പെടും.
2016 നവംബർ എട്ടിലെ കറൻസി റദ്ദാക്കലിനു ശേഷം 2.5 ലക്ഷം രൂപയ്ക്കു മുകളിൽ 500 രൂപ, 1000 രൂപ നോട്ടുകൾ നിക്ഷേപിച്ച 18 ലക്ഷം പേരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് ക്രോഡീകരിച്ചിരുന്നു. ഇതിൽ 25 ലക്ഷത്തിനു മുകളിൽ, 10-15 ലക്ഷം എന്നീ വിഭാഗങ്ങളിൽ നികുതി അടയ്ക്കാത്ത കമ്പനികളെയും വ്യക്തികളെയും പ്രത്യേകമായി തിരിച്ചിരുന്നു. 25 ലക്ഷം രൂപയ്ക്കു മുകളിൽ നിക്ഷേപം നടത്തിയവർ 1.16 ലക്ഷം പേരാണെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. ഇവരോട് 30 ദിവസത്തിനുള്ളിൽ ആദായനികുതി അടയ്ക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
10-25 ലക്ഷം രൂപയ്ക്കുള്ളിൽ ബാങ്കുകളിൽ നിക്ഷേപിച്ച 2.4 ലക്ഷം പേരുണ്ട്. നികുതി അടയ്ക്കാൻ കൂട്ടാക്കിയില്ലെങ്കിൽ ഇവർക്ക് രണ്ടാംഘട്ടത്തിൽ നോട്ടീസ് അയയ്ക്കും.
ആദായനികുതി നിയമം ലംഘിച്ചവരുടെ എണ്ണം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇരട്ടിയിലധികം ഉയർന്ന് 609 എണ്ണമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 288 ആയിരുന്നു. കൂടാതെ പരാതികൾ 652ൽനിന്ന് 1,046 എണ്ണമായി ഉയർന്നു. 43 പേർക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.
ഒൗദ്യോഗിക റിപ്പോർട്ടുകളനുസരിച്ച് 23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 3.68 ലക്ഷം കോടി രൂപ കറൻസി റദ്ദാക്കലിനുശേഷം നിക്ഷേപിച്ചിട്ടുണ്ട്. 17.73 ലക്ഷം പേരാണ് സംശയാസ്പദമായി പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 16.92 ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളായ 11.8 ലക്ഷം പേർ ആദായനികുതി വകുപ്പിന് വിശദീകരണം നല്കിയിരുന്നു.