നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസും ചില നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 2018-19 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിൽ വിറ്റുവരവിന്റെ 8%/6% തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അനുമാന നികുതി എന്ന പേരിൽ ആദായനികുതി ആയി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽനിന്നും അവർക്ക് ഒഴിവു നേടാം.
2015-16 സാന്പത്തികവർഷം വരെ ഇതിനുള്ള പരമാവധി വിറ്റുവരവ് തുക ഒരു കോടി രൂപയായിരുന്നു. ആദായനികുതി നിയമം 44 എബി അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിനു വിധേയമാക്കേണ്ടതാണ്. എന്നാൽ, 44 എഡി അനുസരിച്ച് അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർക്ക് രണ്ടു കോടി രൂപ വരെയുള്ള വിറ്റുവരവിനെ ഓഡിറ്റിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
അനുമാന നികുതി
ആദായനികുതി നിയമമനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യണം. എന്നാൽ, ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇതൊക്കെ ഭാരിച്ച പണികളായി തോന്നിയേക്കാം.
അങ്ങനെയുള്ള ചെറുകിട ബിസിനസുകാർക്ക് വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം വരുമാനമായി കണക്കാക്കി ആദായനികുതി അടയ്ക്കുകയാണെങ്കിൽ ബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽനിന്നും ഒഴിവു നല്കുന്ന വകുപ്പാണ് 44 എഡി.
2015-16 സാന്പത്തിക വർഷം വരെ ഈ നിശ്ചിത തുക ഒരു കോടി ആയിരുന്നത് 2016-17 മുതൽ രണ്ടു കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. വരുമാനത്തിന്റെ നിരക്ക് ചുരുങ്ങിയത്- വിറ്റുവരവ് കാഷ് ആയിട്ടാണെങ്കിൽ എട്ടു ശതമാനവും ബാങ്കിലൂടെ ആണെങ്കിൽ ആറു ശതമാനവുമാണ്.
അനുവദനീയമല്ലാത്തവർ
ഏജൻസി ബിസിനസുകാർക്കും വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടയ്ക്കാൻ സാധിക്കില്ല. ഈ സ്കീമിൽ പെടുത്തി അനുമാനനികുതി അടയ്ക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പുകൾ അനുവദനീയമല്ല. കൂടാതെ ഈ മൂന്നു തരം നികുതിദായകരും റെസിഡന്റ് ആയിരിക്കുകയും ചെയ്യണം.
50 ലക്ഷം രൂപവരെ ആകെ വരവുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും ഓഡിറ്റിംഗിന് വിധേയമാകുന്നതിൽനിന്നും ഒഴിവ് നേടാം. ആദായനികുതി നിയമം 44 എഡിഎ വകുപ്പനുസരിച്ചാണിത്. (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി) ഇതും വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും മാത്രമാണ് ബാധകം. എല്ലാവരും റെസിഡന്റ് ആയിരിക്കണം.
നിലവിലുള്ള നിയമം 44 എഡി അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നവർ വിറ്റുവരവിന്റെ 8%/ 6% വരുമാനമായി കാണിക്കണം. ബിസിനസിനുണ്ടാകുന്ന ഒരു വിധ ചെലവുകളും ഇതിൽനിന്നു കിഴിവായി അനുവദിക്കില്ല. സ്ഥാവരവസ്തുക്കളുടെ തേയ്മാനച്ചെലവും കിഴിവായി അംഗീകരിക്കില്ല.
തേയ്മാനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കി വരുന്ന വരുമാനമാണ് വിറ്റുവരവിന്റെ 8% / 6% ആയി അംഗീകരിക്കേണ്ടത്. വരുമാനം 8% / 6% ൽ കൂടുതൽ ഉണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസമില്ല. ചുരുങ്ങിയ തുകയാണ് 8% / 6% ആയി നിജപ്പെടുത്തിയിരിക്കുന്നത്.
മുൻകൂർ ആദായനികുതി
2015-16 വരെ അനുമാന നികുതി അടയ്ക്കാൻ തീരുമാനിക്കുന്നവർക്ക് മുൻകൂർ ആദായനികുതി അടയ്ക്കേണ്ടതില്ലായിരുന്നു. എന്നാൽ, 2016-17 സാന്പത്തികവർഷം മുതൽ മുഴുവൻ നികുതിയും മാർച്ച് 15നു മുന്‍പ് മുൻകൂർ അടയ്ക്കണം.
അനുമാന നികുതി അഞ്ചു വർഷം
ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് വാർഷിക വിറ്റുവരവിന്റെ 8% / 6% എങ്കിലും വരുമാനമായി അനുമാനിക്കുകയും അതിന്റെ നികുതി നിശ്ചയിച്ച് റിട്ടേണ്‍ കൊടുക്കുകയും ചെയ്താൽ അഞ്ചു വർഷത്തേക്ക് ഈ രീതി തന്നെ അനുവർത്തിക്കണം.
ഇടയ്ക്കുവച്ച് മുടക്കം വരുത്തിയാൽ അടുത്ത അഞ്ചു വർഷത്തേക്ക് അനുമാന വരുമാനം നിശ്ചയിക്കാനും നികുതി അടയ്ക്കാനും 44 എഡി വകുപ്പനുസരിച്ച് സാധിക്കില്ല. ഉദാഹരണത്തിന്, 2018-19 സാന്പത്തികവർഷത്തിൽ ഒരു കോടി രൂപ വാർഷിക വിറ്റുവരവുള്ള നികുതിദായകൻ ബിസിനസിൽനിന്നുള്ള വരുമാനം എട്ടു ലക്ഷം രൂപയായി നിശ്ചയിച്ച് അനുമാന നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്നു.
2019-20 വർഷത്തിലും 2020-21 ലും അദ്ദേഹം ഈ രീതി തന്നെ അനുവർത്തിച്ചു. പക്ഷേ, 2021-22 സാന്പത്തികവർഷം അദ്ദേഹത്തിന്റെ ബിസിനസിൽനിന്ന് നാലു ലക്ഷം രൂപ മാത്രമേ ഒരു കോടി രൂപ വിറ്റുവരവ് ഉണ്ടായിട്ടും വരുമാനം ലഭിച്ചുള്ളൂ.
അതനുസരിച്ച് പ്രസ്തുത തുക വരുമാനമായി കാണിച്ച് അദ്ദേഹം റിട്ടേണ്‍ ഫയൽ ചെയ്തു. അദ്ദേഹം അഞ്ചു വർഷം തുടർച്ചയായി പ്രസ്തുത സ്കീം സ്വീകരിക്കാത്തതിനാൽ അടുത്ത അഞ്ചു വർഷത്തേക്ക് അദ്ദേഹത്തിന് 44 എഡി വകുപ്പ് പ്രകാരം അനുമാന നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിക്കില്ല.