നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാര സ്ഥാപനങ്ങൾ ആണെങ്കിൽ അവയും പങ്കുകാരും കന്പനികളും ആദായനികുതിനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്നവരും ഒഴികെയുള്ള എല്ലാ നികുതിദായകരും അവരുടെ 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31ൽനിന്ന് ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നതായി സിബിഡിടി വെളിപ്പെടുത്തിയിരിക്കുന്നു.
ആ ദിവസത്തിനു മുന്‍പ് ഫയൽ ചെയ്യാൻ സാധിക്കാതെ വന്നാൽ നിങ്ങളുടെ നികുതിക്കു മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴയും, മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും ചുമത്തപ്പെടും. അഞ്ചു ലക്ഷം രൂപയിൽ താഴെയാണു നികുതിക്ക് മുന്‍പുള്ള വരുമാനമെങ്കിൽ പിഴത്തുക 1000 രൂപ മാത്രമാണ്. 2019 മാർച്ച് 31നു ശേഷം 2017-18 സാന്പത്തികവർഷത്തെ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല.
ഉപയോഗിക്കേണ്ട റിട്ടേണ്‍ ഫോമുകളെപ്പറ്റി ചുരുക്കത്തിൽ
ഐടിആർ – 1 സഹജ്
ശന്പളം/പെൻഷൻ വരുമാനം, ഒരു വീടിന്റെ മാത്രം വാടക ലഭിക്കുന്നവർ, മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നതും ഇന്ത്യയിൽ റെസിഡന്റുമായിട്ടുള്ളവരുമാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.
എന്നാൽ, 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്കു മുന്‍പ് വരുമാനമുള്ളവർ ഹൗസ് പ്രോപ്പർട്ടിയുടെ വാടക ഇനത്തിൽ ഒന്നിൽ കൂടുതൽ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും വരുമാനം ലഭിക്കുന്നവർ, പത്തു ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡന്റ് ലഭിക്കുന്നവർ, മൂലധന നേട്ടം ഉണ്ടായിട്ടുള്ളവർ (ഹ്രസ്വകാല നേട്ടവും ദീർഘകാലനേട്ടവും ഉൾപ്പെടും.), 5,000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനം ലഭിക്കുന്നവർ, ബിസിനസിൽനിന്നോ, പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ, വിദേശവരുമാനത്തിന് ടാക്സ് ക്രെഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശബാങ്കുകളിൽ ഓപ്പറേഷന് അധികാരം ലഭിച്ചിട്ടുള്ളവർ, വിദേശവരുമാനമുള്ളവർ മുതലായ വ്യക്തികൾക്ക് ഐടിആർ 1 (സഹജ്) ഉപയോഗിക്കാൻ സാധിക്കില്ല.
ഐടിആർ – 2
ബിസിനസിൽനിന്നും പ്രൊഫഷനിൻനിന്നും വരുമാനമില്ലാത്ത എല്ലാ വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാം. താഴെപ്പറയുന്ന മാർഗങ്ങളിൽനിന്നു വരുമാനമുള്ളവർക്കാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.
1) ശന്പളത്തിൽനിന്നും പെൻഷനിൽനിന്നും വരുമാനമുള്ളവർ.
2) ഹൗസ് പ്രോപ്പർട്ടി വരുമാനം – ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽനിന്നു വരുമാനമുണ്ടെങ്കിലും ഈ ഫോം ഉപയോഗിക്കാം.
3) മൂലധനനേട്ടം ഉള്ളവർ.
4) മറ്റുവരുമാനങ്ങൾ – കുതിരപന്തയത്തിൽനിന്നും ലോട്ടറിയിൽനിന്നും വരുമാനമുള്ളവരും ഈ റിട്ടേണ്‍ ഫോം ആണ് ഉപയോഗിക്കേണ്ടത്.
5) വിദേശങ്ങളിൽ സ്വത്തുക്കൾ ഉള്ളവരും വിദേശങ്ങളിൽനിന്നു വരുമാനമുള്ളവരും.
6) 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനം ലഭിക്കുന്നവർ
7) ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ളവർക്കും നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർക്കും റെസിഡന്റ് ആണെങ്കിലും ഓർഡിനറിലി റെസിഡന്റ് എന്ന സ്റ്റാറ്റസിൽപ്പെടാത്തവർക്കും.
ഐടിആർ – 2 ഉപയോഗിക്കാൻ പാടില്ലാത്തവർ
1) ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ള വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കരുത്.
2) ഐടിആർ-1 ഉപയോഗിക്കാൻ സാധിക്കുന്ന നികുതിദായകർ ഐടിആർ-2 ഉപയോഗിക്കരുത്.
ഐടിആർ – 3
വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമുണ്ടെങ്കിൽ ഐടിആർ – 3 ആണ് ഉപയോഗിക്കേണ്ടത്. പ്രസ്തുത വ്യക്തികൾക്ക് ശന്പളമോ പെൻഷനോ ഉണ്ടെങ്കിലും ഹൗസ് പ്രോപ്പർട്ടികളിൽനിന്നും വാടക ലഭിക്കുന്നുണ്ടെങ്കിലും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിലും ഈ ഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്. പാർട്ണർഷിപ് സ്ഥാപനങ്ങളിലെ പാർട്ണർമാരും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ-3 ഉപയോഗിക്കാം.
ഐടിആർ – 4
മുൻവർഷങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന ഐടിആർ-4എസ് ആണ് പേരുമാറ്റി ഐടിആർ-4 ആയി ഉപയോഗിക്കുന്നത്. ആദായനികുതി നിയമം 44 എഡി, 44 എഡിഎ, 44 എഇ എന്നീ വകുപ്പനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നവരാണ് ഈ ഫോം ഉപയോഗിക്കുന്നത്. എന്നാൽ, ടേണോവർ രണ്ടു കോടി രൂപയിൽ കൂടുതലാണെങ്കിൽ അനുമാനനികുതി അടയ്ക്കാൻ പാടില്ല. അതിനാൽ ഈ ഫോം ഉപയോഗിക്കാനും പാടില്ല. 50 ലക്ഷം രൂപയിൽ കൂടുതൽ വരവുള്ള പ്രൊഫഷണലുകൾക്കും ഈ ഫോം ഉപയോഗിക്കാൻ സാധിക്കില്ല.
അനുമാനനികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്നവർക്ക് കണക്കുബുക്കുകൾ സൂക്ഷിക്കണം എന്നു നിർബന്ധമില്ല. അവർ മുൻകൂർ നികുതി ഒറ്റത്തവണയായി മാർച്ച് 15നു മുന്‍പ് അടച്ചാൽ മതി. എന്നാൽ, ഏജൻസി, ബ്രോക്കറേജ്, കമ്മീഷൻ മുതലായ ബിസിനസ് ചെയ്യുന്നവർക്ക് ഈ റിട്ടേണ്‍ സ്വീകാര്യമല്ല.
ഐടിആർ – 5
പാർട്ണർഷിപ്പ് ഫേമുകളും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളും എഒപി സ്റ്റാറ്റസുള്ള പ്രസ്ഥാനങ്ങളും ബോഡി ഓഫ് ഇൻഡിവിഡ്വൽസും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും ലോക്കൽ അഥോറിറ്റികളും ആണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഐടിആർ – 5 ഉപയോഗിക്കേണ്ടത്.
ഐടിആർ – 6
ചാരിറ്റബിൾ കന്പനിയായി രജിസ്റ്റർ ചെയ്യാത്ത എല്ലാ കന്പനികളും ഐടിആർ 6 എന്ന ഫോമാണ് റിട്ടേണ്‍ ഫയൽ ചെയ്യാൻ ഉപയോഗിക്കേണ്ടത്.
ഐടിആർ – 7
ആദായനികുതി നിയമത്തിലെ 139(4എ). 139 (4ബി) 139 (4 സി) 139 (4ഡി) 139 (4ഇ) 139 (4എഫ്) എന്നിവ അനുസരിച്ച് ഫയൽ ചെയ്യപ്പെടേണ്ട എല്ലാ റിട്ടേണുകൾക്കും ഐടിആർ- 7 ഉപയോഗിക്കാം. ആദായനികുതി നിയമം 11-ാം വകുപ്പനുസരിച്ച് നികുതിയിളവ് തേടുന്ന എല്ലാ ട്രസ്റ്റുകളും രാഷ്ട്രീയ പാർട്ടികളും മ്യൂച്വൽ ഫണ്ടുകളും എല്ലാം ഈ റിട്ടേണ്‍ ആണ് ഉപയോഗിക്കേണ്ടത്.