തലശേരി: തലശേരിയിലെ മത്സ്യമൊത്തവ്യാപാരിയായ പി.പി.എം മജീദിന്റെ സെയ്ദാര്പള്ളിയിലെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പിനെത്തിയ കൊളളസംഘത്തിലെ പ്രധാനിയുടെ രേഖാചിത്രം പോലീസ് തയാറാക്കി. ഇന്‍കം ടാക്സ് ഓഫീസറെന്നു പരിചയപ്പെടുത്തിയ തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്നയാളുടെ രേഖാ ചിത്രമാണ് തയാറായിട്ടുളളത്.
52 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ കണ്ണടയും തലയില്‍ തൊപ്പിയും ധരിച്ചിട്ടുണ്ട്. കോഴിക്കോടു നിന്നും എത്തിയ പോലീസിലെ രേഖാചിത്ര വിദഗ്ദനായ എഎസ്ഐ പ്രേംദാസ് തിരുവള്ളൂരാണ് രേഖാചിത്രം തയാറാക്കിയത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പി.പി.എം. മജീദ്, ഭാര്യ, ഭാര്യാ സഹോദരിയുടെ മക്കള്‍ എന്നിവരുടെ സഹായത്തോടെയാണ് രേഖാ ചിത്രം തയാറാക്കിയിട്ടുള്ളത്.
ഓരോരുത്തരുടേയും അടയാളങ്ങള്‍ ചോദിച്ച് വിശദമായി പഠിച്ച ശേഷം മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൊടുവിലാണ് രേഖാ ചിത്രം തയാറാക്കിയിട്ടുള്ളത്. നിലവില്‍ തയാറാക്കിയിട്ടുള്ള രേഖാ ചിത്രം കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും പ്രപചരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സിഐ എം.പി ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു. സംഘത്തിലെ മറ്റ് പ്രതികളുടേയും രേഖാ ചിത്രം പോലീസ് തയാറാക്കി വരികയാണ്.
ഇതിനിടയില്‍ സമാന സ്വഭാവമുള്ള കൊള്ള ഒരു വര്‍ഷം മുമ്പ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടന്നിരുന്നു.വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം സ്വര്‍ണവും പണവും കവരുകയായിരുന്നു. ഈ സംഘത്തിന് തലശേരി സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പെരുമ്പാവൂര്‍ കേസില്‍ കൂത്തുപറമ്പ് പറമ്പായി കണിയാന്റെവളപ്പില്‍ ഫസീറിനെ (26) അന്നത്തെ തലശേരി ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്ന് വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരില്‍ കൊള്ള നടത്തിയ സംഘം ഉപയോഗിച്ചത് തലശേരി ചിറക്കരയില്‍ നിന്നുള്ള ഇന്നോവ കാറായിരുന്നു.
ചിറക്കയിലെ വാഹന ഇടപാടുകാരന് വഴി ഇന്നോവ കാറ് സംഘടിപ്പിച്ച് ഫസീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗം സംഘം പെരുമ്പാവൂരിലെത്തുകയും മറ്റുള്ളവരുമായി ചേര്‍ന്ന് കവര്‍ച്ച നടത്തുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവാഹവാശ്യത്തിനാണെന്നു പറഞ്ഞാണ് ഫസീര്‍ ഇന്നോവ കാറ് വാടകക്കെടുത്തത്. ചാലില്‍ സ്വദേശിയുള്‍പ്പെടെയുള്ള മറ്റ് രണ്ട് പേര് കൂടി പെരുമ്പാവൂര്‍ ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ അന്ന് വ്യക്തമായിരുന്നു.
സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറ് പിന്നീട് പോലീസ് കണ്ണൂരില്‍ നിന്നുമാണ് പിടികൂടിയത്.ഈ സാഹചര്യത്തിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള തട്ടിപ്പിലും ഈ സംഘത്തിന് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നത്. ഇതോടെ ഈ കേസിന്റെ അന്വാഷണം പെരുമ്പാവൂരിലേക്കും വ്യാപിപ്പിച്ചു.
സംഘമെത്തിയ ഇന്ത്യാ ഗവ. ബോര്‍ഡ് വെച്ച ഗ്രേ കളര്‍ ഇന്നോവ കാര്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. നന്തിയിലെ ടോള്‍ ബൂത്തിലെ സിസിടവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. തലശേരി- കുഞ്ഞിപ്പള്ളി വരേയുള്ള അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പോലീസ് ശേഖരിക്കുകയും ഇവ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20 ന് പുലര്‍ച്ചെ 3.30 നാണ് പോലീസ് വേഷത്തിലുള്ള ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ എത്തിയത്. വീട്ടില്‍ പരിശോധന നടത്തിയ സംഘം 26,000 രൂപയും കവര്‍ന്നാണ് സ്ഥലം വിട്ടത്. എഎസ്പി ചൈത്ര തെരേസ ജണ്‍,സിഐ എം.പി ആസാദ്, എസ്ഐ എം. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.