ന്യൂഡൽഹി: കോൾ സെന്റർ ജീവനക്കാരനായ യുവാവിന് 3.5 കോടി രൂപയുടെ ആദായനികുതി നോട്ടീസ്. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവിൽ പഞ്ചാബിൽ കോൾ സെന്റർ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ ആദായനികുതി അടയ്ക്കണമെന്നു കാട്ടി നോട്ടീസ് ലഭിച്ചത്.
2011-12 കാലത്ത് 132 കോടി രൂപയുടെ ഇടപാട് നടത്തി എന്നു ചൂണ്ടിക്കാട്ടിയാണു നടപടി. രവിയുടെ പാൻ കാർഡ് നന്പർ ഉപയോഗിച്ച് മുംബൈയിൽ ആരംഭിച്ച അക്കൗണ്ടിലൂടെയാണ് ഈ പണമിടപാടുകൾ നടന്നതെന്നു ആദായനികുതി വകുപ്പിന്റെ ഗ്വാളിയർ ഓഫീസിൽനിന്ന് അയച്ച നോട്ടീസിൽ പറയുന്നു.
എന്നാൽ ഇക്കാലയളവിൽ താൻ ഇൻഡോറിലെ ഒരു കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നതെന്നും വെറും 60,000 രൂപയാണ് തനിക്കു വാർഷിക വരുമാനമായി ലഭിച്ചിരുന്നതെന്നും രവി ചൂണ്ടിക്കാട്ടുന്നു. തന്റെ പാൻ നന്പർ മറ്റാരെങ്കിലും ഉപയോഗിച്ചതാകാമെന്നാണ് രവി പറയുന്നത്. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവർ ഈ വാദം സ്വീകരിക്കാൻ തയാറായില്ല.
സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്ര വ്യാപാര കന്പനിയുടെ മുംബൈ ഓഫീസാണ് തന്റെ പേരിൽ ഇടപാട് നടത്തിയതെന്ന് രവി തനിച്ചു നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ ഓഫീസുകൾക്കു തൊട്ടരികെയാണ് തന്റെ പേരിൽ തട്ടിപ്പ് നടത്തിയ ഈ കന്പനിയെന്നും രവി പറഞ്ഞു.
ഇതു സംബന്ധിച്ച് താൻ പരാതിയുമായി ഗ്വാളിയർ, ലുധിയാന പോലീസുകളെ സമീപിച്ചെങ്കിലും മുംബൈ പോലീസിനെ സമീപിക്കാനാണ് ഇരുകൂട്ടരും ആവശ്യപ്പെട്ടതെന്നും രവി ആരോപിച്ചു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു ഗ്വാളിയർ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി.