കൊച്ചി: മകളെ കൊലപ്പെടുത്തി നാടുവിട്ട സനുമോഹന്റെ തിരോധാനത്തിൽ കൂടുതൽ ചുരുളഴിയുന്നു.
സനുവിന് തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും മക്കളും ഉണ്ടെന്ന കണ്ടെത്തലാണ് സംഭവങ്ങളിൽ കൂടുതൽ ദുരൂഹത വരുത്തിയത്. സനുവിന്റെ തമിഴ്നാട്ടിലെ ബന്ധങ്ങൾ വളരെ വലുതാണ്.
ഇയാളുടെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവിലേക്ക് വഴിയൊരുക്കിയത്. ഇപ്പോൾ കേസന്വേഷണം നടക്കുന്നതും തമിഴ്നാട്ടിലെ ഭാര്യയെ കേന്ദ്രീകരിച്ചാണ്.
ഭർത്താവ് കഴിഞ്ഞ കുറേക്കാലമായി എന്തൊക്കെയോ മറയ്ക്കുന്നതായി തോന്നിയിരുന്നതായി സനുവിന്റെ ഭാര്യ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
സനുവിന്റെ രീതികളിൽ ദുരൂഹത തോന്നിയിരുന്നതായി ബന്ധുക്കളും അയൽക്കാരും പറയുന്നു. ഇടയ്ക്കിടെ അന്യസംസ്ഥാനങ്ങളിലേക്ക് ഇയാൾ യാത്ര നടത്തിയിരുന്നു.
ഇതെല്ലാം തമിഴ്നാട്ടിലെ കുടുംബത്തെ കാണാനുള്ള പോക്കായിരുന്നുവെന്ന സംശയമാണ് ഇപ്പോൾ വെളിപ്പെടുന്നത്.