ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ സാങ്കേതിക വിദ്യ വിയറ്റ്നാമിന് കൈമാറാന്‍ ഇന്ത്യ ആലോിചിക്കുന്നു എന്നു വാര്‍ത്ത. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനീക സഹകരണത്തിലൂടെ ഏഷ്യ-പസിഫിക് പ്രദേശത്തുള്ള ചൈനയുടെ അധിനിവേശത്തെ ചെറുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. ന്യൂക്ലിയര്‍ ധാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ വിട്ടുകിട്ടാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന എതിര്‍ക്കുന്നതും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനായി ചൈനയുടെ അയല്‍ രാജ്യങ്ങളുമായുള്ള സൈനിക ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് ആദ്യം ജപ്പാനുമായും ഇപ്പോള്‍ വിയറ്റ്നാമുമായും ഇന്ത്യ കൂടുതല്‍ സൈനിക സഹകരണത്തിലേര്‍പ്പെടുന്നത്.
25 കിലോമീറ്റര്‍ പരിധിയുള്ള ആകാശ് ഏരിയാ ഡിഫന്‍സ് മിസൈല്‍ ശത്രുരാജ്യങ്ങളുടെ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണ്‍ എന്നിവ തകര്‍ക്കാന്‍ പര്യാപ്തമാണ്. മുമ്പ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകളും വരുണാസ്ത്രാ എന്ന അന്തര്‍വാഹിനി ഭേദക ടോര്‍പ്പിഡോകളും ഇന്ത്യ വിയറ്റ്നാമിന് വാഗ്ദാനം ചെയ്തിരുന്നു. ഈ വര്‍ഷം വിയറ്റ്നാമീസ് ഫൈറ്റര്‍ പൈലറ്റുമാര്‍ക്ക് ഇന്ത്യ സുഖോയ്-30എംകെഐ ഫൈറ്റര്‍ വിമാനത്തില്‍ പരിശീലനവും നല്‍കിയിരുന്നു. ഇതുപോലെ വിയറ്റ്നാമീസ് നാവികന്മാര്ക്കും ഇന്ത്യ പരിശീലനം നല്‍കിയിരുന്നു.
പരസ്പരമുള്ള സൈനിക സഹകരണത്തിന് ഇരുരാജ്യങ്ങളും തുടക്കം കുറിക്കുന്നത് 2007ലാണ്. എന്നാല്‍ ഈ സഹകരണം കാര്യക്ഷമമാകുന്നത് 2016 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിയറ്റ്നാം സന്ദര്‍ശനത്തോടെയാണ്.
മിസൈല്‍ ടെക്നോളജി ലഭിക്കുന്ന കാര്യത്തിലും ഇന്ത്യയുമായി ചേര്‍ന്ന് വ്യോമപ്രതിരോധസംവിധാനം വികസിപ്പിക്കുന്നതിലും വിയറ്റ്നാമിന് വലിയ താത്പര്യമാണുള്ളതെന്നാണ് വിവരം. 500 ദശലക്ഷം ഡോളര്‍ വില വരുന്ന ആയുധങ്ങള്‍ കടമായി നല്‍കുമെന്നാണ് മോദി വിയറ്റ്നാം സന്ദര്‍ശന വേളയില്‍ പറഞ്ഞത്. ആകാശിന്റെ കാര്യത്തില്‍ വാഗ്ദാനം പാലിക്കപ്പെടുമെന്നു വിശ്വസിക്കാമെങ്കിലും 290 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസിന്റെ വില്‍പ്പനയും സാങ്കേതികവിദ്യാ കൈമാറ്റവും അത്രയെളുപ്പമാവില്ല. ബ്രഹ്മോസ് ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമാണെന്നതാണ് കാരണം. ഇതില്‍ 60 ശതമാനത്തിലധികം പങ്കാളിത്തവും റഷ്യയ്ക്കവകാശപ്പെട്ടതാണ്.
സൈനീക പരിശീലനം, സാങ്കേതിക വിദ്യയുടെ പങ്കുവയ്ക്കല്‍, സംയുക്ത സൈനികാഭ്യാസങ്ങള്‍ എന്നീ കാര്യങ്ങളില്‍ അതിവേഗത്തിലാണ് ഇന്ത്യയുടെ നീക്കങ്ങള്‍. ചൈനയെന്ന പ്രതിയോഗിയെ കരുതിയിരിക്കേണ്ടിയിരുന്നുവെന്ന് ഇന്ത്യയ്ക്ക് നന്നായിയറിയം.ഇന്ത്യയിലും വിയറ്റ്നാമിലുമുള്ള വിദഗ്ധരെ പരസ്പരം കൈമാറ്റം ചെയ്യുന്നുമുണ്ട്. ചൈനയെ ചെറുക്കാന്‍ വിയറ്റ്നാം സൈന്യം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അതിനായി റഷ്യന്‍ നിര്‍മിതമായ കിലോ ക്ലാസ് അന്തര്‍വാഹിനികളും സുഖോയ് വിമാനങ്ങളും വിയറ്റ്നാമിനു നല്‍കേണ്ടതുണ്ട്. ഇന്ത്യന്‍ സൈന്യം വളരെ വര്‍ഷങ്ങളായി ഇവ രണ്ടും ഉപയോഗിക്കുന്നുണ്ട്. 2013ല്‍ വളരെയധികം വിയറ്റ്നാമീസ് നാവികര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കിയിരുന്നു. അന്തര്‍വാഹിനിയായ ഐഎന്‍എസ് ശതവാഹനയില് വിശാഖ പട്ടണത്തു വച്ചായിരുന്നു പരിശീലനം. ഇപ്പോള്‍ വിയറ്റ്നാം സൈനികര്‍ക്ക് സുഖോയ്യില് പരിശീലനം നല്കിവരുകയാണ്. ചൈനയെ ചെറുക്കാനായി സമഗ്രമായ പദ്ധതികളാണ് ഇന്ത്യ വിയറ്റ്നാമുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു വ്യക്തം.