മുംബൈ: മുൻ ഇന്ത്യൻ ഓൾറൗണ്ടറും നായകനുമായിരുന്ന രവി ശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതായി ബിസിസിഐ അറിയിച്ചു. രണ്ടു വർഷത്തെ കരാറിലാണ് ശാസ്ത്രിയെ മുഖ്യ പരിശീലകനാക്കിയിരിക്കുന്നത്. 2019 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലയളവ്. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ബൗളിംഗ് കോച്ചായും ചുമതപ്പെടുത്തി.
ബിസിസിഐയാണ് ഇക്കാര്യമറിയിച്ചത്. 2014 മുതൽ 2016 വരെ ഇന്ത്യൻ ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി. നേരത്തെ, ശാസ്ത്രിയെ പരിശീലകനായി നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ബിസിസിഐ ഇത് നിഷേധിച്ചിരുന്നു.
വീരേന്ദർ സേവാഗ്, ടോം മൂഡി, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ശാസ്ത്രിയെ പരിശീലകനാക്കിയത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മണ്, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനെ തെരഞ്ഞെടുത്തത്. ജൂലൈ 26ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയ്ക്ക് മുന്നോടിയായി ശാസ്ത്രി സ്ഥാനമേൽക്കും.
55-കാരനായ ശാസ്ത്രി ബിസിസിഐ പുതിയ കോച്ചിനെ തേടിയപ്പോൾ അപേക്ഷ നൽകിയിരുന്നില്ല. അനിൽ കുംബ്ലയ്ക്ക് പരിശീലകനാകുന്നതിന് മുൻപ് ശാസ്ത്രി ഹ്രസ്വകാലം ടീം ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് കോച്ചിനെ നിയമിച്ചപ്പോൾ ശാസ്ത്രിയെ തഴഞ്ഞ് ബിസിസിഐ കുംബ്ലയ്ക്ക് സ്ഥാനം നൽകുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് കുംബ്ലെ സ്ഥാനം മാറിയപ്പോൾ പരിശീലക സ്ഥാനത്തേയ്ക്ക് അദ്ദേഹം അപേക്ഷ നൽകാൻ തയാറാകാതിരുന്നത്. എന്നാൽ സച്ചിൻ, ലക്ഷ്മണ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹം പിന്നീട് അപേക്ഷ നൽകി. സ്ഥാനം ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ മാത്രം അപേക്ഷിക്കൂ എന്ന് ശാസ്ത്രി ബിസിസിഐയെ അറിയിച്ചിരുന്നു. അതിനാൽ ശാസ്ത്രിക്കാണ് സാധ്യതയെന്ന് നേരത്തെ വ്യക്തമായിരുന്നു.
80 ടെസ്റ്റുകളിലും 150 ഏകദിന മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശാസ്ത്രി 2007-ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ ടീം മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.