ഇൻഡോർ: കടുവകൾ എന്ന വിളിപ്പേരുമാത്രമേയുള്ളൂ എന്ന് ബംഗ്ലാദേശ് തെളിയിച്ചു. പുകൾപ്പെറ്റ ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ കടുവകൾ കുടുങ്ങി. ഇൻഡോറിൽ ഇതോടെ ബംഗ്ലാദേശിനു മുന്നിലെ എല്ലാ വാതിലും അടയപ്പെട്ടു. മുഹമ്മദ് ഷാമിയും (3/27) ഇഷാന്ത് ശർമയും (2/20) ഉമേഷ് യാദവും (2/47) ചേർന്ന് കടുവകളെ കശക്കിയെറിഞ്ഞു.
അതോടെ, 58.3 ഓവറിൽ 150 റണ്‍സിന് ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശർമയുടെ (ആറ്) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മായങ്ക് അഗർവാളും (37 നോട്ടൗട്ട്) ചേതേശ്വർ പൂജാരയുമാണ് (43 നോട്ടൗട്ട്) ക്രീസിൽ. ബംഗ്ലാദേശിനേക്കാൾ 64 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ.
ഷാമി, ഇഷാന്ത്
ഇന്ത്യൻ പേസ് ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചത് ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയുമായിരുന്നു. 105 പന്തിൽ 43 റണ്‍സ് എടുത്ത് സന്ദർശക ഇന്നിംഗ്സിലെ ടോപ് സ്കോററായ മുഷ്ഫിക്കർ റഹീമിനെ ഷാമി ബൗൾഡാക്കിയ പന്തായിരുന്നു ആദ്യ ദിനത്തിൽ എടുത്തു പറയേണ്ടത്. ന്യൂ ബോൾ ആക്രമണത്തേക്കാൾ ഓൾഡ് ബോളിലെ ഷാമിയുടെ കഴിവ് വെളിപ്പെടുത്തുന്ന പന്തായിരുന്നു അത്.
മത്സരം 50 ഓവർ പിന്നിട്ടതോടെ റിവേഴ്സ് സ്വിംഗ് ലഭ്യമായി തുടങ്ങി. അപ്പോഴേക്കും ബംഗ്ലാദേശിന്റെ പകുതി വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തിയിരുന്നു. തന്റെ നാലാം സ്പെൽ എറിയാനെത്തിയ ഷാമിയുടെ പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച മുഷ്ഫിക്കറിന്റെ കുറ്റി തെറിക്കുകയായിരുന്നു. 53.5-ാം പന്തിലായിരുന്നു ആ ബൗൾഡ്. തൊട്ടടുത്ത പന്തിൽ മെഹിദി ഹസനെ വിക്കറ്റിനു മുന്നിൽ കുടുക്കി ഷാമി ബംഗ്ലാദേശിനെ ഏഴിന് 140ലേക്ക് തള്ളിവിട്ടു.
ശരിക്കും അന്പയറെയും നോണ്‍ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ലിടണ്‍ ദാസിനെയും കബളിപ്പിക്കുന്നതായിരുന്നു ഷാമിയുടെ ആ പന്ത്. കാരണം, റീ പ്ലേയിൽ പന്ത് ലെഗ് സ്റ്റംപിനു പുറത്ത് പോകുമെന്ന് വ്യക്തമായി. എന്നാൽ, ഡിആർഎസ് എടുക്കാത്തതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി.
ഇഷാന്ത് ശർമയുടെ സ്പെല്ലുകളും ഉജ്വലമായിരുന്നു. കൃത്യതയുടെ പര്യായമായ ഇഷാന്തിന്റെ ഇക്കോണമി 1.66 ആയിരുന്നു. ചായയ്ക്കുശേഷം ആദ്യ ഓവറിൽ ലിടണ്‍ ദാസിനെ (21 റണ്‍സ്) സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചത് ഇഷാന്തിന്റെ ബ്രില്യൻസ് വെളിപ്പെടുത്തി.
ടോസ് ബംഗ്ലാദേശിന്
ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെറിയ തോതിൽ പച്ചപ്പുള്ള പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാനുള്ള ധീരമായ തീരുമാനമാണ് ബംഗ്ലാദേശ് നായകൻ മൊമിനുൾ ഹഖ് (37 റണ്‍സ്) കൈക്കൊണ്ടത്. പച്ചപ്പുള്ള പിച്ച് മൂന്ന് സീമർമാരെ ഉൾപ്പെടുത്താൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയെ പ്രേരിപ്പിച്ചു. എന്നാൽ, സ്പിന്നറായ ആർ. അശ്വിൻ രണ്ട് ബൗൾഡ് (മൊമിനുൾ, മുഹമ്മദുള്ള- 10 റണ്‍സ്) വിക്കറ്റിലൂടെ തന്റെ ക്ലാസ് വെളിപ്പെടുത്തി. അശ്വിന്റെ പന്തിൽ അജിങ്ക്യ രഹാനെ ഫസ്റ്റ് സ്ലിപ്പിൽ രണ്ട് തവണ (മുഷ്ഫിക്കറിനെയും മുഹമ്മദുള്ളയെയും) ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.
സ്കോർബോർഡ്
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ്: ഷാദ്മാൻ ഇസ്ലാം സി സാഹ ബി ഇഷാന്ത് 6, ഇംറുൾ കയെസ് സി രഹാനെ ബി ഉമേഷ് 6, മൊമിനുൾ ഹഖ് ബി അശ്വിൻ 37, മുഹമ്മദ് മിഥുൻ എൽബിഡബ്ല്യു ബി ഷാമി 13, മുഷ്ഫിക്കർ റഹീം ബി ഷാമി 43, മുഹമ്മദുള്ള ബി അശ്വിൻ 10, ലിടണ്‍ ദാസ് സി കോഹ്ലി ബി ഇഷാന്ത് 21, മെഹിദി ഹസൻ എൽബിഡബ്ല്യു ബി ഷാമി 0, തൈജുൾ ഇസ്ലാം റണ്ണൗട്ട് 1, അബു ജയേദ് നോട്ടൗട്ട് 7, ഇബാഡത് ഹുസൈൻ ബി ഉമേഷ് 2, എക്സ്ട്രാസ് 4, ആകെ 58.3 ഓവറിൽ 150.
ബൗളിംഗ്: ഇഷാന്ത് 12-6-20-2, ഉമേഷ് 14.3-3-47-2, ഷാമി 13-5-27-3, അശ്വിൻ 16-1-43-2, ജഡേജ 3-0-10-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് നോട്ടൗട്ട് 37, രോഹിത് സി ലിടണ്‍ ദാസ് ബി അബു ജയേദ് 6, പൂജാര നോട്ടൗട്ട് 43, എക്സ്ട്രാസ് 0, ആകെ 26 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86.
ബൗളിംഗ്: ഇബാഡത് ഹുസൈൻ 11-2-32-0, അബു ജയേദ് 8-0-21-1, തൈജുൾ ഇസ്ലാം 7-0-33-0.