കൊട്ടാരക്കര: സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യചെയ്തു. പുത്തൂർ മാറനാട് അരുൺ ഭവനിൽ വിജയകുമാർ(68) ആണ് മരിച്ചത്.
മാറനാട് വൈദ്യുതി മുക്കിൽ തനിച്ച് താമസിച്ചുവന്ന സഹോദരിയുടെ വീട്ടുമുറ്റാണ് ചിതയൊരുക്കിയത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
സഹോദരി ശാന്തയെ സഹായിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമായി ഇയാൾഎന്നും സഹോദരിയുടെ വീട്ടിലെത്തുമായിരുന്നു.
പുലർച്ചെ ഒരുമണിയോടെ മുറ്റത്ത് തീയാളിപടരുന്നത് കണ്ട ശാന്ത അയൽവാസികളെ വിളിച്ച് തീകെടുത്തിയിരുന്നു. വിജയകുമാർ ചിതയിലുണ്ടായിരുന്നതായി അവർ അറിഞ്ഞില്ല.
രാവിലെയാണ് കത്തികരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ശാന്ത കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പുത്തൂർ പോലീസിനേയും വിവരം അറിയിച്ചു.
ചിതയുടെ സമീപം ഒരു റബർ മരത്തിൽ വിജയകുമാറിന്റെ ഷർട്ട് തൂക്കിയിട്ട നിലയിലായിരുന്നു. ഈ ഷർട്ടിനുള്ളിൽ ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു.
“കടബാധ്യതമൂലം ഞാൻ പോകുകയാണ്’ എന്നാണ് അതിൽ കുറിച്ചിരുന്നത്.വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന വിറകുകൾ കൂട്ടിയാണ് വിജയകുമാർ ചിതയൊരുക്കിയത്.