ബംഗളൂരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽനടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്ഡെ എംപി. ബംഗളൂരുവിൽനടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാർ ഹെഗ്ഡെ സംസാരിച്ചത്.
ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്യുകയുംചെയ്തു.
രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവർക്കാർക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
മരണംവരെ നിരാഹാരം കിടന്നും സത്യഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്ഗ്രസിന്റെ വാദത്തെ ജനങ്ങൾ പിന്തുണയ്ക്കുകയാണ്. എന്നാൽ, ഇത് സത്യമല്ല. ബ്രിട്ടീഷുകാർ രാജ്യംവിട്ടത് നിരാശമൂലമാണ്.
അല്ലാതെ സത്യഗ്രഹം കാരണമോ സമരം കൊണ്ടോ അല്ല. ചരിത്രം വായിക്കുന്പോൾ തന്റെ രക്തം തിളയ്ക്കുകയാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആർഎസ്എസിന് ബന്ധമില്ലെന്നും അനന്തുകുമാർ ഹെഗ്ഡെ പറഞ്ഞു. ഇതിനുമുന്പും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദമുണ്ടാക്കിയ നേതാവാണ് അനന്തകുമാർ ഹെഗ്ഡെ.
രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും വാർത്താപ്രാധാന്യമാണ് ലക്ഷ്യമെന്നും കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഖാർഗെ പറഞ്ഞു.
അനന്തകുമാർ ഹെഗ്ഡെയെ തള്ളി ബിജെപിയും രംഗത്തെത്തി. പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും പാർട്ടിയും ആർഎസ്എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബിജെപി വക്താവ് ജി. മധുസുദൻ പറഞ്ഞു.