കടുത്തുരുത്തി: അധ്യാപനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായി ഇന്ദു ടീച്ചർ.തലയോലപ്പറന്പ് ഡി ബി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായ അസോസിയേറ്റ് പ്രഫസർ കെ.എസ്. ഇന്ദു അധ്യാപിക മാത്രമല്ല.
പ്രഭാഷക, സാമൂഹിക പ്രവർത്തക, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സോഷ്യൽ കൗണ്‍സിലർ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റംഗം കൂടിയായ ഇന്ദു. 1996ൽ ആണ് ഡി ബി കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്.
ദൂരദർശനിലെയും ഓൾ ഇൻഡ്യ റേഡിയോയിലും ദീർഘകാലം വോയ്സ് ഓവർ ആർട്ടിസ്റ്റായിരുന്നു. റേഡിയോയിൽ യുവവാണി, നാടകങ്ങൾ, ദൂരദർശനിൽ സ്മൃതിലയം തുടങ്ങിയ നിരവധിയായ പരിപാടികൾക്കും ഡോക്യുമെന്ററികൾക്കും ശബ്ദം പകർന്നതിലൂടെ മലയാളി ശ്രോതാക്കളുടെ മനസിൽ ടീച്ചറുടെ ശബ്ദം ചിരപ്രതിഷ്ഠ നേടിയിട്ട് കാലമേറേയായി.
മാധുര്യം നിറഞ്ഞതും ഘനഗാംഭീര്യമുള്ളതുമായ ശബ്ദത്തിനുടമയായ അധ്യാപികയുടെ ശബ്ദം നിരവധി ടി വി സീരിയലുകളിലെ താരങ്ങൾക്കും റേഡിയോ, ടെലിവിഷൻ പരസ്യങ്ങളിലെ അഭിനേതാക്കൾക്കും പകർന്ന് നൽകിയിട്ടുണ്ട്.
മുടി മുറിച്ചും
കോളജിലെ നാഷണൽ സർവീസ് സ്കീം വിഭാഗം മേധാവിയായിരുന്നു. തുടർന്ന് മൂന്ന് വർഷക്കാലം എൻസിസി പ്രോഗ്രാം ഓഫീസറായിരുന്നു.
അർബുദ രോഗികളുടെ ചികിത്സാർഥം കോളജിലെ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പലവട്ടം മുടി മുറിച്ചു നൽകി മാതൃകയായി. പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി നാഷണൽ സർവീസ് സ്കീം അംഗങ്ങളുടെ സേവനം വീട് നിർമാണത്തിന് ലഭ്യമാക്കാൻ കഴിഞ്ഞു.
ക്ഷേത്രങ്ങൾ, ക്ലബുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിലടക്കം നിരവധി വേദികളിൽ ഇതിനോടകം പ്രഭാഷണം നടത്തി.
20 വർഷക്കാലം അധ്യാപകർക്കും വിദ്യാർഥികൾക്കുമായി അക്കാദമിക് മികവിനുള്ള ക്ലാസെടുത്തു. 12 വർഷമായി കുടുംബ പ്രശ്നങ്ങൾ നേരിടുന്നവർക്കും കൗമാരക്കാർക്കും യുവജനങ്ങൾക്കുമായി കൗണ്‍സലിംഗ് ക്ലാസെടുക്കുന്നു.
കേരള പോലീസിന്റെ നിർഭയ പദ്ധതിയുടെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട്. കൃഷിയെയും മണ്ണിനെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന ക്യാന്പയിനിലും സജീവമാണ്.
രണ്ട് പുസ്തകങ്ങൾ
രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഐപിസിഎഐയുടെ സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ പ്രവർത്തകയ്ക്കുള്ള അവാർഡ്, സംസ്ഥാനതലത്തിൽ 2006ലും തുടർന്ന് എം ജി യൂണിവേഴ്സിറ്റിയുടെയും നാഷണൽ സർവീസ് സ്കീമിന്റെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ്, വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയന്റെ 2019ലെ ബെസ്റ്റ് വുമണ്‍ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അഡ്വ സി.എൻ. വിഷ്ണുകുമാറാണ് ഭർത്താവ്. അനഘേന്ദു, അനാമിക, അനന്യ എന്നിവരാണ് മക്കൾ.