പ്രദീപ് ഗോപി
ഇന്ദുചൂഡന് എന്ന ഗായകന് ശ്രോതാക്കള്‍ക്കു മുന്നില്‍ സംഗീതാര്‍ച്ചന നടത്തി വിസ്മയം തീര്‍ക്കുമ്പോള്‍ അതേ ഇന്ദുചൂഡന് എന്ന പൂജാരി ദേവഗണങ്ങള്ക്കുമുന്നില് അര്‍ച്ചന നടത്തി ദേവഗണങ്ങളെയും ഭക്തരെയും ഒരു പോലെ പ്രസാദിപ്പിക്കുന്നു.
ഇത് സി. ഇന്ദുചൂഡന്… പൂജാരിയും ഭജനപ്പാട്ടിന്റെ ആശാനുമായ കെ. ചന്ദ്രന് ശാന്തിയുടെയും രാധാമണിയമ്മയുടെയും നാലുമക്കളില്‍ രണ്ടാമന്.
കോട്ടയം മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലില്‍ താമസം. കുട്ടിക്കാലം മുതല്‍ അച്ഛനൊപ്പം ഭജനപ്പാട്ടിന്‍ ഹാര്‍മോണിയം വായിക്കാന്‍ പോകുമായിരുന്നു.
അതായിരുന്നു സംഗീതലോകത്തേക്കുള്ള തുടക്കം. ഇന്ദുചൂഡന്റെ ചെറുപ്രായത്തില്‍ത്തന്നെയുള്ള സംഗീതാഭിരുചി അച്ഛന് തിരിച്ചറിഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം ശാസ്ത്രീയമായി സംഗീതം അഭ്യസിപ്പിക്കാനായില്ല.
പത്തൊമ്പതാം വയസിലാണ് ഇന്ദുചൂഡന് സംഗീതം പഠിക്കാന്‍ തുടങ്ങിയത്. അതുവരെ റേഡിയോയിലെ സംഗീതക്കച്ചേരികളും സംഗീത ക്ലാസുകളും കേട്ടായിരുന്നു പഠനം.
അതോടൊപ്പം പതിമൂന്നാം വയസില്‍ അച്ഛനില്‍നിന്നു പൂജാദികര്‍മങ്ങളും അഭ്യസിക്കാന്‍ തുടങ്ങി. പതിനഞ്ചാം വയസില്‍ വിവാഹകര്‍മത്തിനു തനി യെ കാര്‍മികത്വം വഹിക്കാനും കഴിഞ്ഞു.
വിവാഹകര്‍മം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആള് എന്ന ഖ്യാതി ഇന്ദുചൂഡന് മാത്രം സ്വന്തം. 30 വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് പൂജാ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
സംഗീതവഴികളിലേക്ക്
ഇനി ഇന്ദുചൂഡന്റെ സംഗീതവഴികളിലേക്ക്…
പൂജാകര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും ഈ കലാകാരന്റെ മനസ് നിറയെ സംഗീതമായിരുന്നു. സംഗീതത്തില്‍ ആദ്യഗുരു ലതാമണി ടീച്ചറാണ്.
പിന്നീട് കായംകുളം തുളസിദാസിന്റെയും കോട്ടയം വീരമണിയുടെയും കീഴില്‍ സംഗീതം അഭ്യസിച്ചു. ഇന്ന് അറിയപ്പെടുന്ന സംഗീതജ്ഞനും ഗായകനും സംഗീതസംവിധായകനും സംഗീത അധ്യാപകനുമാണ് ഇന്ദുചൂഡന്.
പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം, ശബരിമല വലിയ നടപ്പന്തല്‍ തുടങ്ങി നൂറുകണക്കിന് വേദികളില്‍ സംഗീതക്കച്ചേരി നടത്താന്‍ കഴിഞ്ഞതു വലിയ ദൈവാനുഗ്രഹമായി ഇന്ദുചൂഡന് കാണുന്നു.
ഇടുക്കി ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ രണ്ടുതവണ കലാപ്രതിഭാപട്ടം നേടിയ ഇന്ദുചൂഡന് 12 കാസറ്റുകളില്‍ പാടുകയും ചെയ്തിട്ടുണ്ട്.
23-ാം വയസില്‍ മുണ്ടക്കയം സെന്റ് ജോസഫ് എല്‍പി സ്കൂളില്‍ താത്കാലിക സംഗീത അധ്യാപകനായി നിയമനം ലഭിച്ചു. 20 വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു.
മുണ്ടക്കയം കേന്ദ്രമാക്കി സരസ്വതി സംഗീതവിദ്യാലയം എന്നൊരു സംഗീതവിദ്യാലയവും ആരംഭിച്ചു.
ഓരോ വര്‍ഷവും നൂറിലധികം കുട്ടികളെ സംഗീതം അഭ്യസിപ്പിച്ച് ഇന്ദുചൂഡന് അവരുടെ അരങ്ങേറ്റവും നടത്തുന്നു. ഇപ്പോള്‍ അയ്യായിരത്തോളം സംഗീത വിദ്യാര്‍ഥികളുടെ ഗുരുനാഥനാണ് ഈ കലാകാരന്.
ഗാനരചനയിലും ഇന്ദുചൂഡന് തിളങ്ങുന്നു. ആയിരത്തോളം ഗാനങ്ങള്‍ രചിക്കുകയും തന്റെ വരികള്‍ക്ക് സ്വന്തമായി സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ മിക്ക ഗാനങ്ങള്‍ക്കും ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ ഇന്ദുചൂഡന്റെ ശിഷ്യന്മാര്ക്കും അല്ലാത്തവര്‍ക്കും പലതവണ ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു.
സാഹിത്യം
സംഗീതത്തിനും പൂജാദികര്മങ്ങള്ക്കും ഗാനരചയ്ക്കും പുറമേ സാഹിത്യരഗംത്തും ഇന്ദുചൂഡന് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
2010-ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല അംഗീകരിച്ച് കോട്ടയം സിഎംഎസ് കോളജിലെ ബിഎ മലയാളം വിദ്യാര്‍ഥികള്‍ക്ക് ഇന്ദുചൂഡന്റെ രണ്ടു കവിതകള്‍ പാഠ്യ വിഷയമായി നല്‍കിയിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും കഥകള ും എഴുതുന്നുണ്ട്.
സംഗീത-സാഹിത്യരംഗത്തെ മികവിന് ന്യൂഡല്‍ഹി ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ സംഗീതചൂഡാമണി പുരസ്കാരം (2017) തുടങ്ങി ഇരുപതോളം പുരസ്കാരങ്ങള്‍ ലഭിച്ചു. ഭാര്യ നീതു. മകന് ശിവാംശ്. ഇന്ദുചൂഡന്റെ ഫോണ്‍: 8281394886