ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാന്പത്തിക ശക്തിയാകും. രണ്ടു പ്രമുഖ ഏജൻസികളുടെ നിഗമനമാണത്.
ഒന്നാമത്തെ പ്രവചനം ബ്രിട്ടീഷ് നിക്ഷേപബാങ്കും ബ്രൊക്കറേജ് സ്ഥാപനവുമായ എച്ച്എസ്ബിസിയുടേത്. അതനുസരിച്ച് 2028ൽ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം- രാജ്യത്തെ ഒരു വർഷത്തെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യം) ഏഴു ലക്ഷം കോടി ഡോളർ ആകും (448 ലക്ഷം കോടി രൂപ) അമേരിക്കയും ചൈനയും മാത്രമേ അപ്പോൾ ഇന്ത്യയേക്കാൾ വലുതായി ഉണ്ടാകൂ.
ഇന്ത്യയിലെ പ്രമുഖ വാണിജ്യ വ്യവസായ സംഘടനയായ ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി)യും എസ്പി ജയിൻ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തിയ പഠനത്തിലാണ് അടുത്ത പ്രവചനം. അതനുസരിച്ച് 2030ൽ ഇന്ത്യയുടെ ജിഡിപി 6.84 ലക്ഷം കോടി ഡോളർ ആകും.
ഐഎംഎഫ് കണക്കനുസരിച്ച് ഇപ്പോൾ ഇന്ത്യ ആറാം സ്ഥാനത്താണ്. ബ്രിട്ടൻ, ജർമനി, ജപ്പാൻ എന്നിവയെ പിന്തള്ളിയാണ് മൂന്നാമത്തെ സ്ഥാനത്തെത്തുക. മറ്റു ചില കണക്കുകളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
ക്രയശേഷി സന്തുലന (പർച്ചേസിംഗ് പവർ പാരിറ്റി) രീതിയിൽ ഇന്ത്യ ഇപ്പോൾത്തന്നെ മൂന്നാംസ്ഥാനത്താണെന്നാണ് ഐഎംഎഫ് പറയുന്നത്. ആ കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപി 9.49 ലക്ഷം കോടി ഡോളർ (607 ലക്ഷം കോടി രൂപ) വരും.
പിപിപി രീതിയനുസരിച്ച് ചൈനയ്ക്ക് 23.19 ലക്ഷം കോടി ഡോളറും അമേരിക്കയ്ക്ക് 19.42 കോടി ഡോളറുമാണ് ജിഡിപി.
100 രൂപ കൊണ്ട് ഇന്ത്യയിൽ ലഭിക്കുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും അമേരിക്കയിൽ എത്ര ഡോളർ വരുമെന്നു നോക്കി രൂപ – ഡോളർ നിരക്ക് കണക്കാക്കുകയാണു പിപിപി രീതിയിൽ ചെയ്യുന്നത്. അപ്പോൾ ഡോളറിന് 64 രൂപ എന്ന വിനിമയ നിരക്കിനു പകരം ഡോളറിനു 15 രൂപയോളം മതി എന്നു മനസിലാകും. ആ നിരക്കു വച്ച് ജിഡിപി കണക്കാക്കുന്നതാണു പിപിപി രീതിയിലുള്ള ജിഡിപി.
ആദ്യ പത്തു രാജ്യങ്ങൾ
ജിഡിപി കണക്കിൽ ആദ്യ 10 സ്ഥാനങ്ങൾ (അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്)യുടെ 2017 ഏപ്രിലിലെ പട്ടിക അനുസരിച്ചിട്ടുള്ളത്).
ജിഡിപി തുക ലക്ഷം കോടി ഡോളറിൽ.
1. അമേരിക്ക 19.42
2. ചൈന 11.8
3. ജപ്പാൻ 4.84
4. ജർമനി 3.42
5. ബ്രിട്ടൻ 2.5
6. ഇന്ത്യ 2.45
7. ഫ്രാൻസ് 2.42
8. ബ്രസീൽ 2.14
9. ഇറ്റലി 1.81
10. കാനഡ 1.6