വിജയത്തേക്കാളുപരി ഇന്ത്യൻതാരങ്ങളുടെ വ്യക്തിഗത നേട്ടങ്ങളാണ് അഡ്ലെയ്ഡിനെ ശ്രദ്ധേയമാക്കുന്നത്.ടെസ്റ്റ് ക്രിക്കറ്റിലെതന്നെ ഏറ്റവും പഴക്കമുള്ള മൈതാനങ്ങളിലൊന്നായ അഡ്ലെയ്ഡ് ഓവലിൽ 11 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയുടെ പേരിലുള്ളത്. ഓസീസ് ഏഴു ടെസ്റ്റുകൾ വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിൽ അവസാനിച്ചു.
ഈ മൈതാനത്ത് ഇന്ത്യ മൂന്നു തവണ തോറ്റത് അന്‍പതിൽ താഴെ റണ്സിനാണെന്നതും ശ്രദ്ധേയമാണ്. 1948ലാണ് ഇന്ത്യ ആദ്യമായി ഇവിടെ കളിക്കുന്നത്. ആ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 16 റണ്‍സിനും തോറ്റു. പിന്നീട് 1967, 1978, 1981, 1985, 1992, 1999, 2003, 2008, 2012, 2014 വർഷങ്ങളിലാണ് ഇന്ത്യ അഡ്ലെയ്ഡിൽ ടെസ്റ്റ് കളിച്ചത്.
വിജയ് ഹസാരെ 116, 145
1948ൽ അഡ്ലെയ്ഡിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് പരാജയം നേരിട്ടെങ്കിലും രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി വിജയ് സാമുവൽ ഹസാരെ തലയുയർത്തി നിന്നു. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റേതടക്കം രണ്ടു വിക്കറ്റുകളും ഹസാരെ നേടി. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരമാണു ഹസാരെ. സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരാണു പിന്നീട് ഈ നേട്ടത്തിലെത്തിയ ഇന്ത്യക്കാർ.
2003ലെ ഇന്ത്യൻ വിജയം
അഡ്ലെയ്ഡിൽ ഒരു വിജയത്തിനായി ഇന്ത്യക്ക് 55 വർഷം കാത്തിരിക്കേണ്ടി വന്നു. റിക്കി പോണ്ടിംഗിന്റെ ഇരട്ട സെഞ്ചുറി(242)യുടെ പിൻബലത്തിൽ 556 റണ്‍സടിച്ച ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ, രാഹുൽ ദ്രാവിഡിന്റെ ഇരട്ട സെഞ്ചുറി(233)യുടെ കരുത്തിൽ 523 റണ്‍സ് നേടി. വി.വി.എസ്. ലക്ഷ്മണ് 148 റണ്‍സോടെ ദ്രാവിഡിനു പിന്തുണ നല്കി. ഇന്ത്യ 33 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും ആറു വിക്കറ്റ് വീഴ്ത്തി അജിത് അഗാർക്കർ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 196നു ചുരുട്ടിക്കെട്ടി. രണ്ടാമിന്നിംഗ്സിൽ പോണ്ടിംഗിനെ പൂജ്യത്തിനാണ് അഗാർക്കർ മടക്കിയത്. 230 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. രണ്ടാം ഇന്നിംഗ്സിലും ദ്രാവിഡ് രക്ഷകനായി. 72 റണ്‍സ് നേടി പുറത്താകാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ച രാഹുൽ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു.
രാഹുൽ ദ്രാവിഡ്-233
2003ൽ രാഹുൽ ദ്രാവിഡ് നേടിയ 233 അഡ്ലെയ്ഡിൽ ഒരു സന്ദർശകകളിക്കാരന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറാണ്. അഡ്ലെയ്ഡിൽ ഒരു ബാറ്റ്സ്മാന്റെ മികച്ച മൂന്നാമത്ത സ്കോറും ഇതാണ്. ഡോണ്‍ ബ്രാഡ്മാന്റെ 299* ആണ് അഡ്ലെയ്ഡിലെ ഉയർന്ന സ്കോർ. അഡ്ലെയ്ഡിൽ നാലു മത്സരങ്ങളിൽ 401 റണ്‍സാണ് ദ്രാവിഡിനുള്ളത്.
കപിൽദേവ് 8-106
1985ൽ കപിൽദേവ് നേടിയ 106 റൺസിന് എട്ട് വിക്കറ്റ് അഡ്ലെയ്ഡിൽ ഒരു സന്ദർശകതാരത്തിന്റെ ഒരു ഇന്നിംഗ്സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ്. ഈ മൈതാനത്തെ മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനവും ഇതുതന്നെയാണ്. മൂന്നു ടെസ്റ്റുകളിൽ 19 വിക്കറ്റുകൾ നേടിയ കപിലാണ് അഡ്ലെയ്ഡിൽ ഏറ്റവും അധികം വിക്കറ്റെടുത്ത സന്ദർശകകളിക്കാരൻ. രണ്ടു തവണ അഡ്ലെയ്ഡിൽ അഞ്ചു വിക്കറ്റ് നേട്ടവും കപിലിനുണ്ട്.
കോഹ്ലി -രണ്ട് ടെസ്റ്റിൽ മൂന്നു സെഞ്ചുറി
അഡ്ലെയ്ഡിൽ കളിച്ച രണ്ട് ടെസ്റ്റുകളിൽ മൂന്നു സെഞ്ചുറിയാണ് ഇന്ത്യൻ നായകൻ അടിച്ചെടുത്തത്. 2012ൽ സെഞ്ചുറി നേടിയ കോഹ്ലി 2014ൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടി. ദൗർഭാഗ്യവശാൽ, രണ്ടു ടെസ്റ്റിലും ഇന്ത്യക്കു പരാജയം നേരിടേണ്ടിവന്നു. നാല് ഇന്നിംഗ്സുകളിൽ 394 റണ്‍സാണ് അഡ്ലെയ്ഡിൽ കോഹ്ലി അടിച്ചുകൂട്ടിയത്. ഓസ്ട്രേലിയയിൽ എട്ടു ടെസ്റ്റുകളിൽ 992 റണ്‍സാണു കോഹ്ലിക്കുള്ളത്.
അജിത് അഗാർക്കർ-13 വിക്കറ്റ്
26 ടെസ്റ്റുകളിൽ 58 വിക്കറ്റ് മാത്രം സ്വന്തം പേരിലുള്ള അഗാർക്കർ അഡ്ലെയ്ഡിലെ രണ്ടു ടെസ്റ്റുകളിൽ 13 വിക്കറ്റ് നേടിയതാണു സവിശേഷത.
2003ൽ ഇന്ത്യയുടെ വിജയശില്പിയായി രാഹുൽ ദ്രാവിഡിനെ വാഴ്ത്തുന്പോൾത്തന്നെ അഗാർക്കറിന്റെ പ്രകടനവും(6-41) വിലമതിക്കാനാവാത്തതാണ്. ഓസ്ട്രേലിയയിൽ ഏഴു ടെസ്റ്റുകളിൽ 27 വിക്കറ്റാണ് അഗാർക്കർ വീഴ്ത്തിയത്.
ബിജോ മാത്യു