ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക് അധീന കാഷ്മീരും ചൈനീസ് അധീന കാഷ്മീരും. കേന്ദ്ര തീരുമാനത്തോടെ കാഷ്മീര്‍ പൂര്‍ണമായും ഇന്ത്യന്‍ നിയമങ്ങള്‍ ഉള്ള പ്രദേശമായി മാറിക്കഴിഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആന്‍ഡമാന്‍, നിക്കോബാര്‍, ദാമന്‍ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. പുതിയ നടപടിയോടെ കശ്മീരിലെ സ്ഥിരതാമസക്കാര്‍, പുറത്തു നിന്നുള്ളവര്‍ എന്നീ വേര്‍തിരിവും ഇനി അപ്രത്യക്ഷമാകും.
ഏറെ തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ ചൈനയെയുമാണ് വരുതിയില്‍ നിര്‍ത്തുന്നത്. ലേ, കാര്‍ഗില്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വര്‍ഷത്തില്‍ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെന്‍സസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. മലനിരകള്‍ നിറഞ്ഞ് സഞ്ചാരത്തിനുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്. ഈ മേഖലയില്‍ സംസ്ഥാന ഭരണത്തേക്കേള്‍ ഒരുപക്ഷേ ഗുണകരമാകുക കേന്ദ്രഭരണം തന്നെയാകും.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരിയില്‍ ലഡാക്കിനു പ്രത്യേക റവന്യു ഡിവിഷന് രൂപീകരിച്ചിരുന്നു. ഇതുവരെ കശ്മീര്‍ ഡിവിഷന്റെ ഭാഗമായിരുന്നു. ഫെബ്രുവരി മുതല്‍ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തു മൂന്ന് ഡിവിഷനുകളായി. ലേയും കാര്‍ഗിലും ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലകള്‍ ലഡാക്കിനു കീഴിലാണ്. ലഡാക്ക് അതിര്‍ത്തിയില്‍ പാന്ഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ പാന്ഗോങ് തടാകക്കരയില്‍ ഇന്ത്യ ചൈന സൈനികര്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ലഡാക്കില്‍ സ്ഥിതിചെയ്യുന്ന പാന്ഗോങ് തടാകത്തിന്റെ 45 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും 90 കിലോമീറ്റര്‍ ചൈനീസ് പക്ഷത്തുമാണ്. 2014ല്‍ കിഴക്കന്‍ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു.
ലേ, കാര്‍ഗില്‍ ജില്ലകള്‍ക്ക് 1993 ഒക്ടോബറില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വയംഭരണ പര്‍വതമേഖലാ കൗണ്‍സില്‍ (എല്‍എഎച്ച്ഡിസി) പദവി നല്‍കിയിരുന്നു. ലേയിലെ കൗണ്‍സിലിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് 1995 ല്‍ നടന്നു. കാര്‍ഗില്‍ 2003 ജൂലൈയിലാണ് കൗണ്‍സില്‍ പദവി ഏറ്റെടുത്തത്. ജില്ലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഭൂവിനിയോഗം, നികുതി തുടങ്ങിയ കാര്യങ്ങളില്‍ വിവിധ ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്നായിരുന്നു കൗണ്‍സിലിന്റെ പ്രവര്‍ത്തനം. മേഖലയിലെ നിയമവാഴ്ചയും സുരക്ഷയും വാര്‍ത്താവിനിമയവും ഉന്നതവിദ്യാഭ്യാസവും ജമ്മു കശ്മീര്‍ സര്‍ക്കാരിനു കീഴിലായിരുന്നു. ഇതെല്ലാം ഇനി കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയിലാകും. ബിജെപിയിലെ ജമ്യാങ് സെറിങ് നംഗ്യാല്‍ ആണ് നിലവിലെ ലഡാക്ക് എംപി.
ലഡാക്കിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നത് ചൈനീസ് അധിനിവേശ കാഷ്മീരാണ്. ഒരുകാലത്ത് ഇന്ത്യന്‍ പ്രദേശമായിരുന്ന ഇവിടെ ചൈനീസ് കടന്നുകയറ്റം വലിയ തോതില്‍ നടക്കുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിന് കൂടിയാണ് കേന്ദ്രഭരണ പ്രദേശമായി ഇതിനെ മാറ്റിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം കാഷ്മീര്‍ ഇന്ത്യയുടെ സ്വന്തമാക്കിയ സാഹചര്യത്തില്‍ പാക് അധിനിവേശ കാഷ്മീരിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യന്‍ ശ്രമം. ഇന്ത്യ ഭൂപടത്തിലുള്ള രണ്ട് പ്രദേശമാണ് പാക് അധീന കാശ്മീരും ചൈനീസ് അധീന കാശ്മീരും. എന്നാല്‍ ലൈന്‍ ഓഫ് കണ്ട്രോളിന് ഉള്ളിലുള്ള ഭാഗമാണ് ഇന്ത്യ കൈവശം വെച്ചു പോന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ പാക് അധീന കാശ്മീരിലേക്ക് തിരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഇതോടൊപ്പം ശക്തമാണ്. നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശം ജമ്മു കാഷ്മീരില്‍ രൂപീകരിക്കുന്നതും അതിനാലാണ്. സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമാണ്, 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരില്‍ ആറുവര്‍ഷവും. ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു ബാധകമായ ഭരണഘടനാപരമായ പല കാര്യങ്ങളും ജമ്മു കാഷ്മീരിന് ഇതുവരെ ബാധകമായിരുന്നില്ല. ഇതിനെല്ലാം മാറ്റം വരികയാണ്. അഞ്ചു വര്‍ഷമായിരിക്കും ഇനി ജമ്മു കാഷ്മീര്‍ നിയമസഭയുടെയും കാലാവധി. സംസ്ഥാനത്ത് ഏതെങ്കിലും നിയമനിര്‍മ്മാണത്തിന് കേന്ദ്രത്തിനു സംസ്ഥാന നിയമസഭയുടെ അനുമതി വേണമെന്ന രീതിയും ഇനി മാറും. എന്നാല്‍ ബദല്‍ സംവിധാനമില്ലാതെ 370-ാം വകുപ്പ് എടുത്തു കളയുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിയമവിദഗ്ദ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.