വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴമേറിയതാണെന്നും സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണ് യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് ബൈഡൻ പറഞ്ഞു.
‘‘ദാരിദ്ര്യ നിർമാർജനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഇന്ത്യയും യുഎസും. ഇതെല്ലാം അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ലോകത്തിനും ഭാവിയിൽ പ്രാധാന്യമുള്ളതാണ്.
അമേരിക്കയും ഇന്ത്യയും തമ്മിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും മത, മാധ്യമ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും ബൈഡന് കൂട്ടിച്ചേർത്തു.
അതേസമയം, ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎന്‍ഐ എന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി പറഞ്ഞു. യാതൊരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജാതി, മത, വര്‍ണ, ലിംഗ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. ഇരു രാജ്യങ്ങളുടെയും ഭരണഘടനകൾ ആരംഭിക്കുന്നത് ‘ഞങ്ങൾ ജനങ്ങൾ’ എന്ന വാക്കുകളിലാണ്.
ഇരു രാജ്യങ്ങളും സ്വന്തം വൈവിധ്യത്തിൽ അഭിമാനിക്കുന്നു. കോവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്ക്കും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.- മോദി വ്യക്തമാക്കി
ഈ കൂടിക്കാഴ്ച ലോക സാമ്പത്തിക രംഗത്തിന് നിര്‍ണായകമാണ്. സെമി കണ്ടക്ടര്‍, എഐ, ടെലി കോം മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂട്ടും. തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടും. യുക്രെയ്ന് യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കൂടാതെ, അഹമ്മദാബാദിലും ബംഗുളൂരുവിലും യുഎസ് കോണ്‍സലേറ്റുകള്‍ തുടങ്ങുമെന്നും മോദി വ്യക്തമാക്കി. ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്.