വാഷിംഗ്ടൺ/ന്യൂഡൽഹി: ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക. നവംബർ നാലോടെ ഇറാനിൽനിന്നുള്ള ക്രൂഡ് ഇറക്കുമതി നിർത്തണം. ഇല്ലെങ്കിൽ ഇന്ത്യക്കെതിരേ ഉപരോധ നടപടി എടുക്കുമെന്നാണു മുന്നറിയിപ്പ്.
ചൈന അടക്കമുള്ള രാജ്യങ്ങൾക്കും അമേരിക്ക മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇറാനുമായുള്ള ആണവ കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. തുടർന്നാണ് ഇറാനെതിരേ ഉപരോധം പനഃസ്ഥാപിച്ചത്.
ഇറാക്കും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇറാനിൽനിന്നാണ്. ഇറാനിൽ ഒഎൻജിസിക്ക് എണ്ണപ്പാടങ്ങളിൽ പങ്കാളിത്തവുമുണ്ട്. 2017-18 ലെ പത്തുമാസം കൊണ്ട് 1.84 കോടി ടൺ ക്രൂഡ് ഇറാനിൽനിന്ന് ഇന്ത്യ വാങ്ങിയിരുന്നു.
അമേരിക്ക മുന്പ് ഇറാന് ഉപരോധം ഏർപ്പെടുത്തിയിരുന്ന കാലത്തും ഇന്ത്യ ഇറാനിൽനിന്ന് ക്രൂഡ് വാങ്ങിയിരുന്നു. ഇന്ത്യൻ രൂപ സ്വീകരിക്കാൻ ഇറാൻ തയാറായതുകൊണ്ടാണ് അതു നടന്നത്. ക്രൂഡിന്റെ പണം ഇന്ത്യയിൽനിന്നു ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങാനായി ഇറാൻ ഉപയോഗിച്ചു. ഉപരോധം നിർത്തിയ ശേഷം പഴയ നിലയിലേക്ക് ക്രൂഡ് വാങ്ങൽ വർധിപ്പിച്ചു.
ചൈന അമേരിക്കൻ ഉപരോധവുമായി സഹകരിക്കില്ലെന്നാണു സൂചന. യൂറോപ്യൻ രാജ്യങ്ങളും അങ്ങനെതന്നെ. ഇന്ത്യ പുതിയ സാഹചര്യത്തിൽ എന്തു നിലപാട് എടുക്കുമെന്നു വ്യക്തമല്ല. 2012ൽ യുപിഎ സർക്കാർ ഇറാനുമായുള്ള പരന്പരാഗത അടുപ്പം നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഇന്ത്യ ട്രംപ് ഭരണകൂടത്തിന്റെ സമ്മർദത്തിന് എതിരുനിൽക്കുമോ എന്നു വ്യക്തല്ല.
ക്രൂഡ് വീണ്ടും കയറി, ഡോളറിന് 68.01 രൂപ
ലണ്ടൻ/ദുബായ്: ഇറാന്റെ എണ്ണ കയറ്റുമതി മുടക്കാൻ അമേരിക്ക നീക്കമാരംഭിച്ചതോടെ ക്രൂഡ് ഓയിൽ വില കുത്തനേ കയറി. ബ്രെന്റ് ഇനം മൂന്നു ഡോളർ കയറി വീപ്പയ്ക്ക് 76.60 ഡോളർ ആയി.
ജൂലൈ ഒന്നു മുതൽ പ്രതിദിന ഉത്പാദനം ഒരുകോടി വീപ്പ വർധിപ്പിക്കാൻ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യും റഷ്യയും തീരുമാനിച്ചപ്പോൾ ക്രൂഡ് വില 73 ഡോളറിനടുത്തേക്കു താണിരുന്നു. അതാണ് ഇപ്പോൾ 77 ഡോളറിനടുത്തേക്കു കയറിയത്. ഇതേത്തുടർന്നു രൂപവില താഴ്ന്നു. ഡോളറിന് 68.01 രൂപയായി.