പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുന്പോൾ ഓസീസ് ഒന്‍പതു വിക്കറ്റിന് 256 എന്ന നിലയിലാണ്. മാറ്റ് റെന്ഷോയുടേയും (68) മിച്ചല്‍ സ്റ്റാർക്കിന്റെയും (57*) അർധസെഞ്ചുറികളാണ് ഓസീസിനെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഡേവിഡ് വാര്‍ണറും (38) മാറ്റ് റെന്‍ഷോയും ചേർന്ന് ആദ്യ വിക്കറ്റിൽ 82 റൺസെടുത്തു. ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് തകർത്തത്. തൊട്ടടുത്ത പന്തിൽ റെന്‍ഷോ റിട്ടേർഡ്ഹർട്ടായി കളംവിട്ടു. പിന്നീട് വന്നവർക്ക് ക്രീസിൽ അധിക നേരം തങ്ങാൻ കഴിഞ്ഞില്ല. ഷോൺ മാർഷിനെ (16) ജയന്ത് യാദവ് മടക്കിയപ്പോൾ ജഡേജ പീറ്റര്‍ ഹാന്ഡസ്കോംബിനെ (22) കളത്തിനു പുറത്തേക്കുപറഞ്ഞയച്ചു. 95 പന്തുകൾ നേരിട്ട ഓസീസ് ക്യാപ്റ്റൻ സ്മിത്തിനെ (27) അശ്വിൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ് ലിയുടെ കൈകളിലെത്തിച്ചു.
തുടർന്നുവന്ന മിച്ചല്‍ മാർഷും (4)മാത്യു വേഡും (8) വേഗം പുറത്തായി. മിച്ചൽ മാർഷിനെ ജഡേജ പറഞ്ഞയച്ചപ്പോൾ വേഡിനെ ഉമേഷ് യാദവ് പുറത്താക്കി. ഇതിനു പിന്നാലെ റിട്ടേർഡ്ഹർട്ടായി കളംവിട്ട റെന്‍ഷോ തിരിച്ചെത്തി അശ്വിന് വിക്കറ്റ് നൽകി മടങ്ങി. ഉമേഷ് യാദവ് വാലറ്റത്തുവിതച്ച കൊടുങ്കാറ്റാണ് ഓസീസ് പതനം വേഗത്തിലാക്കിയത്. സ്റ്റീവ് ഒക്കീഫും നഥാന്‍ ലയോണും ഉമേഷ് യാദവിന്റെ വേഗപ്പന്തുകൾക്ക് മറുപടി പറയാനാവാതെ സംപൂജ്യരായി മടങ്ങി.
അർധസെഞ്ചുറിയുമായി മിച്ചല്‍ സ്റ്റാർക്കിന്റെ ചെറുത്തുനിൽപ്പാണ് ഓസീസിന് അൽപ്പം ആശ്വാസം പകരുന്നത്. അവസാന ദിവസം സ്റ്റന്പെടുക്കുന്പോൾ സ്റ്റാർക്കിനൊപ്പം ജോഷ് ഹെയ്സല്‍വുഡാണ് (1*) ക്രീസിൽ. ഇന്ത്യൻ ബൗളർമാരിൽ ഇഷാന്ത് ശർമയ്ക്കുമാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്.