ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. ട്വന്റി- 20 പരമ്പരയിലെ തോല്‍വിയില്‍നിന്ന് തിരിച്ചുവരാനാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്.ജൂണില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള അവസാന തയാറെടുപ്പ് എന്ന രീതിയിലാകും ഇന്ത്യ, ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കിറങ്ങുക.
ലോകകപ്പിനു മുമ്പുള്ള അവസാന ഏകദിന പരമ്പരയെന്ന നിലയില്‍ പല പരീക്ഷണങ്ങള്‍ക്കും ഇന്ത്യ ഒരുങ്ങിയേക്കും. പരമ്പരയിലുള്ളവര്‍ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്.ഓസ്്ട്രേലിയയ്ക്കെതിരേയുള്ള രണ്ടു മത്സര ട്വന്റി-20 പരമ്പരയില്‍ 2-0 ന് ഇന്ത്യ തോറ്റെങ്കിലും ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് നായകന് വിരാട് കോഹ്ലിയും പരിശീലകന് രവി ശാസ്ത്രിയും അറിയിച്ചിട്ടുണ്ട്.
ഈ പരമ്പര ഇന്ത്യന്‍ ടീമിലെ നാലു കളിക്കാര്‍ക്കെങ്കിലും ലോകകപ്പിനു മുമ്പുള്ള പരീക്ഷയാകും. ഈ പരീക്ഷ ജയിക്കുന്നവര്‍ക്ക് ലോകകപ്പിനുള്ള അഡ്മിറ്റ് കാര്‍ഡ് കിട്ടുകയും ചെയ്യും. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് നിലവിലുള്ള രണ്ടു സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. പരമ്പരയിലില്ലാത്ത ദിനേഷ് കാര്‍ത്തിക് ഇവരുടെ പ്രകടനം വീക്ഷിക്കുന്നുണ്ടാകും. ഈ നിരയിലെ ആരെങ്കിലും മോശമായാല്‍ കാര്‍ത്തിക്കിന് അവസരം ലഭിക്കും.
ട്വന്റി-20യില്‍ 50ഉം 47ഉം റണ്‍സ് വീതം നേടിയ രാഹുല്‍ ഫോമിലാണ്. ഓപ്പണര്‍ സ്ഥാനം സ്ഥിരമാക്കാനാകും രാഹുല്‍ ലക്ഷ്യമിടുന്നത്. ഈ പരമ്പരയില്‍ എല്ലാ കണ്ണും പന്തിലാണ്. ഇന്ത്യയുടെ ഏകദിന, ട്വന്‍ി-20 മത്സരങ്ങളില്‍ സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നുണ്ടെങ്കിലും ഈ യുവതാരത്തിന് തനിയെ മത്സരം വിജയിപ്പിക്കാനുള്ള കഴിവും പ്രാപ്തിയുണ്ടെന്ന കാര്യം മാനേജ്മെന്റിനറിയാം.
വിജയ് ശങ്കറിനു ബൗളിംഗില്‍ ശോഭിക്കാനാകുന്നില്ല. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലാകുന്നത് താരത്തിന് ടീമില്‍ അവസരം നല്‍കിയേക്കും. റിസര്‍വ് പേസറെന്ന നിലയില്‍ ടീമില്‍ സ്ഥാനം പിടിക്കാനാകും കൗള്‍ ശ്രമിക്കുക. മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും ടീമില്‍ സ്ഥാനം ഉറപ്പാക്കുമ്പോള്‍ കൗളിന് രണ്ടു മത്സരമെങ്കിലും ലഭിച്ചേക്കും.
ഇന്ത്യക്കെതിരേ ട്വന്റി -20 പരമ്പര നേടിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ആരോണ്‍ ഫിഞ്ചും കൂട്ടരും ഏകദിന പരമ്പരയ്ക്കിറങ്ങുക. ട്വന്റി-20യിലെ മികവ് ഏകദിനത്തിലും ആവര്‍ത്തിക്കുകയെന്ന ലക്ഷ്യവും അവര്‍ക്കുണ്ട്. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ടീമിനൊപ്പമുള്ളത് ഓസീസ് സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിന് കരുത്താകുന്നുണ്ട്.