റാഞ്ചി: സ്വന്തം നാടായ റാഞ്ചിയിൽ എം.എസ്. ധോണിയുടെ അവസാന ഏകദിനമായേക്കും ഇന്നു നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം മത്സരം. അഞ്ച് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. ഇന്നും വിജയിച്ച് പരന്പര 3-0ന് ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ.
റാഞ്ചിയുടെ ഇഷ്ട പുത്രന് പരന്പര ജയത്തിലൂടെ ഇരട്ടി സന്തോഷം സമ്മാനിക്കാനാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ലക്ഷ്യം. ഇന്നത്തെ മത്സരമായിരിക്കാം സ്വന്തം മൈതാനത്ത് ധോണിയുടെ അവസാന ഏകദിനം എന്നാണ് കരുതപ്പെടുന്നത്.
ഓപ്പണർ ശിഖർ ധവാന്റെ മോശം ഫോം ആണ് ഇന്ത്യയുടെ പ്രധാന തലവേദന. ബാറ്റിംഗിൽ മികച്ച തുടക്കമില്ലാതെയാണ് ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ ജയത്തിലേക്ക് ചുവടുവച്ചത്. രണ്ട് ജയവും അതീവ സമ്മർദത്തിനുശേഷമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. വിശ്രമത്തിനുശേഷം ബൗളിംഗ് നിരയിലേക്ക് ഭുവനേശ്വർ കുമാർ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹം കളിക്കുമോയെന്ന് കണ്ടറിയണം.
ആദ്യ രണ്ട് ഏകദിനത്തിലും ശക്തമായ പോരാട്ടം കാഴ്ചവച്ചശേഷമാണ് ഓസ്ട്രേലിയ കീഴടങ്ങിയത്. ഇന്നു വിജയിച്ച് പരന്പര സജീവമായി നിലനിർത്താനാണ് കംഗാരുക്കളുടെ ശ്രമം.
ആതിഥേയൻ മഹി ഭായ്
2016നുശേഷം എം.എസ്. ധോണി തന്റെ ഹമ്മറിൽ അതിഥികളുമായി റാഞ്ചി നഗരം ചുറ്റി. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളായ കേദാർ ജാദവിനെയും ഋഷഭ് പന്തിനെയുമാണ് ആഡംബര വാഹനമായ ഹമ്മറിൽ കയറ്റി ധോണി നഗരം ചുറ്റിയത്.
ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ റാഞ്ചിയിൽ നടക്കുന്ന മൂന്നാം ഏകദിനത്തിനായെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ധോണി വിരുന്നൊരുക്കിയിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു തന്റെ ഫാമിൽ ധോണിയും ഭാര്യ സാക്ഷിയും ടീം അംഗങ്ങളെ സത്കരിച്ചത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയടക്കമുള്ളവർ അത്താഴവിരുന്നിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മഹി ഭായ്ക്കൊപ്പം അതുല്യ രാത്രി, ഗംഭീര ഭക്ഷണം, ഒരു ടീം സന്ധ്യ- ഇതായിരുന്നു അത്താഴവിരുന്നിടെ എടുത്ത സെൽഫി പങ്കുവച്ച് കോഹ്ലി കുറിച്ചത്.