ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ സുഹൃത്തും പങ്കാളിയുമായതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അയൽ രാജ്യവുമായി വികസന യാത്ര പങ്കിടുന്നത് തുടരുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ബംഗ്ലാദേശ് യൂത്ത് ഡെലിഗേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതുല്യമായ ബന്ധത്തിന് പ്രചോദനം നൽകുന്ന “ഈ ആത്മാവിനെ നമ്മൾ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം’. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഹൃദയത്തിന്റെയും ആത്മാവിന്റെയും ബന്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു.
നമ്മൾക്ക് ആഴത്തിലുള്ള സാംസ്കാരിക ബന്ധമുണ്ട്, കല, സംഗീതം, ക്രിക്കറ്റ്, ഭക്ഷണം എന്നിവയോടുള്ള പൊതുവായ സ്നേഹമുണ്ട്. (രബീന്ദ്രനാഥ്) ടാഗോർ രചിച്ച നമ്മുടെ ദേശീയ ഗാനങ്ങൾ അഭിമാനത്തിന്റെ ഉറവിടമാണ്. കാസി നസ്റുൽ ഇസ്ലാമിന്റെ കൃതികൾ നമ്മുടെ ഐക്യവും നാനാത്വവും നമ്മുടെ പങ്കിട്ട പൈതൃകത്തിൽ ആഘോഷിക്കപ്പെടുന്നു.
ബംഗ്ലാദേശുമായുള്ള സൗഹൃദത്തിന് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുണ്ട്. അതിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയും ബംഗ്ലാദേശും വലിയതും ഊർജസ്വലവുമായ യുവജനങ്ങളുടെ ആവാസ കേന്ദ്രമാണ്. ലോകത്തെ രൂപപ്പെടുത്താൻ പരിധിയില്ലാത്ത സാധ്യതകളുണ്ട്. ഈ സാധ്യതകൾ എല്ലാവരും പ്രയോജനപ്പെടുത്തണം.
നാളത്തെ നേതാക്കളെന്ന നിലയിൽ, സുസ്ഥിരവും സമാധാനപൂർണവുമായ ഒരു ലോകത്തിലേക്ക് നമ്മെ നയിക്കേണ്ടത് യുവാക്കളുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ വിവിധ വശങ്ങളും അതിന്റെ വൈവിധ്യവും ശാസ്ത്രം, സാങ്കേതികവിദ്യ, കല എന്നീ മേഖലകളിലെ പുരോഗതികളും അനുഭവിച്ചറിയാനുള്ള അവസരം യുവജനങ്ങൾ ഉപയോഗിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കളുമായി സംവദിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതിനിധി സംഘാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായി 2012ലാണ് ബംഗ്ലാദേശ് യൂത്ത് ഡെലിഗേഷൻ പ്രോഗ്രാം ആരംഭിച്ചത്. പരസ്പരം രാജ്യങ്ങളെക്കുറിച്ചുള്ള സുമനസും ധാരണയും വളർത്തിയെടുക്കുക, ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, യുവാക്കൾക്കിടയിൽ മൂല്യങ്ങളെയും സംസ്കാരത്തെയും കുറിച്ച് മനസിലാക്കുക എന്നിവയാണ് ഈ യുവജന പരിപാടിയുടെ പ്രധാന ലക്ഷ്യം.