ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. പന്ത്രണ്ടാം ഏകദിന ലോകകപ്പിലെ കറുത്തകുതിരകളാകാൻ ഒരുങ്ങുന്ന ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യക്ക് ഇന്ന് ജയം കൂടിയേ തീരൂ.
കാരണം, ഇംഗ്ലണ്ടിനെതിരായ തോൽവി ഇന്ത്യയെ അത്രയേറെ വിമർശനങ്ങൾക്കു നടുവിലാക്കി. മറുവശത്ത് ബംഗ്ലാദേശിന് ഇന്ന് ജയിച്ചാൽ സെമി സാധ്യത നിലനിർത്താം. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തോൽവി വഴങ്ങിയ മൈതാനത്താണ് ഇന്നത്തെ മത്സരവും. 2007 ലോകകപ്പിൽ ഇന്ത്യയെ കീഴടക്കിയ ചരിത്രം ബംഗ്ലാദേശിനുണ്ട്.
ഷക്കീബ് തരംഗം
ഷക്കീബ് അൽ ഹസന്റെ ലോകകപ്പ് ആണ് ഇതെന്നു പറഞ്ഞാൽ ക്രിക്കറ്റ് ലോകത്തിന് അതു നിഷേധിക്കാൻ സാധിക്കില്ല. കാരണം, ശരാശരി ടീമിന്റെ ഭാഗമായ ഷക്കീബ് ഈ ലോകകപ്പിൽ പിന്നിട്ട വഴികൾ അത്രമേൽ കടുപ്പമായിരുന്നു. കഠിന വഴികളിൽ വിളക്കായ് തെളിഞ്ഞ ഷക്കീബിനൊപ്പം സഹതാരങ്ങളും ചേർന്നപ്പോൾ ബംഗ്ലാദേശ് ശരാശരിയിലും മുകളിലുള്ള പ്രകടനം കാഴ്ചവച്ചു.
ലോകകപ്പ് റണ്‍വേട്ടയിൽ 476 റണ്‍സുമായി ഷക്കീബ് മൂന്നാം സ്ഥാനത്താണ്. 10 വിക്കറ്റും ലോക ഒന്നാം നന്പർ ഓൾ റൗണ്ടറിന്റെ പേരിലുണ്ട്. ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഷക്കീബിനെ ഐസിസി ലോക ഒന്നാം നന്പർ ഓൾ റൗണ്ടറായി പ്രഖ്യാപിച്ചത്. തന്റെ ഒൗൾ റൗണ്ട് മികവിലൂടെ ചരിത്രത്തിലാദ്യമായി സെമി ഫൈനൽ സ്വപ്നം കാണാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചിരിക്കുകയാണ് ഷക്കീബ്.
ഷക്കീബിനൊപ്പം ഒരു പിടി താരങ്ങൾ ബംഗ്ല കടുവകളുടെ ശൗര്യം വർധിപ്പിക്കുന്നു. 327 റണ്‍സ് ഇതുവരെ സ്വന്തമാക്കിയ മുഷ്ഫിക്കർ റഹീം, 205 റണ്‍സ് നേടിക്കഴിഞ്ഞ തമിം ഇക്ബാൽ തുടങ്ങിയവരാണ് അവരുടെ ബാറ്റിംഗ് കരുത്ത്. ബൗളിംഗിൽ മുഹമ്മദ് സൈഫുദ്ദീൻ അഞ്ച് കളിയിൽ 10 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. മുത്ഫിസുർ റഹ്മാനും 10 വിക്കറ്റുമായി ബംഗ്ലനിരയിലെ സ്റ്റാർ ബൗളറായുണ്ട്.
രോഹിത്, കോഹ്ലി
ബാറ്റിംഗിൽ ഇന്ത്യയുടെ കരുത്ത് ഹിറ്റ്മാൻ എന്നറിയപ്പെടുന്ന രോഹിത് ശർമയാണ്. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയടക്കം 440 റണ്‍സ് രോഹിത് സ്വന്തമാക്കി കഴിഞ്ഞു. ഇതുവരെ സെഞ്ചുറി നേടാനായില്ലെങ്കിലും തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയുമായി 382 റണ്‍സ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫോമിലാണ്. ഇവർ രണ്ടുമാണ് ബാറ്റിംഗിൽ ഇന്ത്യയുടെ കരുത്ത്. ഇവർക്കുശേഷം ഹാർദിക് പാണ്ഡ്യയുടെ ആക്രമണ ബാറ്റിംഗും ഇന്ത്യക്ക് ഗുണകരമാണ്.
മധ്യനിരയിൽനിന്ന് കോഹ്ലിക്കും രോഹിത്തിനും പിന്തുണ ലഭിക്കേണ്ടത് ആവശ്യകതയാണെന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ കെ. ശ്രീകാന്ത് ഇംഗ്ലണ്ടിനെതിരായ തോൽവിക്കുശേഷം പ്രതികരിച്ചിരുന്നു. 1983 ലോകകപ്പ് വിജയിച്ച ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ശ്രീകാന്ത്.
ഷാമി, കുൽചാ
ബൗളിംഗിൽ മൂന്ന് മത്സരങ്ങളിൽ 13 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി ഇന്നുണ്ടാകുമോ എന്നതു വ്യക്തമല്ല. പരിക്ക് ഭേദമായാൽ ഭുവനേശ്വർ തിരിച്ചെത്തിയേക്കും. എന്നാൽ, വിക്കറ്റ് വീഴ്ത്താനുള്ള ഷാമിയുടെ കഴിവ് ശ്രദ്ധേയം. സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഫോം കണ്ടെത്തിയാലേ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകൂ. ഇംഗ്ലണ്ടിനെതിരേ കുൽചാ സഖ്യം 20 ഓവറിൽ നല്‍കിയത് 160 റണ്‍സ്. ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണം ഇരുവരും വിട്ടുനല്‍കിയ ഈ റണ്‍സ് ആയിരുന്നു.