തൃശൂർ: ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരു പറഞ്ഞു മൂന്നര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. യുഎഇയിൽ നഴ്സായ തൃശൂർ പുറനാട്ടുകര സ്വദേശി റിഷിന്റെയും ജെനിറ്റയുടെയും മകൾ എഡ്രിയേൽ ആൻ റിഷിനാണ് അപൂർവ നേട്ടം.
യുഎഇയിൽ സ്ഥിരതാമസമാക്കിയ കുടുംബം എഡ്രിയേലിനു മൂന്നു വയസുള്ളപ്പോൾ തലോർ ജെറുസലെം ധ്യാനകേന്ദ്രത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള ബൈബിൾ ഗ്രാമം പരിപാടിയിൽ ഓണ്ലൈനായി പങ്കെടുപ്പിച്ചിരുന്നു.
ഓരോ ദിവസവും ചെറിയ ബൈബിൾ വചനങ്ങൾ പഠിക്കാൻ തുടങ്ങി. ആഴ്ചകൾ പിന്നിട്ടപ്പോൾ നാൽപതിലേറെ ബൈബിൾ വചനങ്ങൾ ഹൃദിസ്ഥമാക്കി. മകളുടെ മികവു തിരിച്ചറിഞ്ഞാണു ഈ രംഗത്തെ വിവിധ റിക്കാഡുകളെക്കുറിച്ച് സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞത്. അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഒരു കൈ നോക്കിയത്.
ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകൾ ഒരു മിനിറ്റ് 27 സെക്കൻഡുകൊണ്ടു പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റിക്കാർഡാണു എഡ്രിയേൽ ആൻ റിഷിൻ കരസ്ഥമാക്കിയത്.
അമ്മ ജെനിറ്റ തന്നെയാണു കൂടുതലായും പഠിപ്പിച്ചത്. നാട്ടിലെത്തുന്പോൾ റിഷിന്റെ അമ്മ ഷൈനി തോമസും ജെനിറ്റയുടെ മാതാപിതാക്കളായ ജേക്കബും മിനിയും എഡ്രിയേലിനെ വചനങ്ങളും പ്രാർഥനകളും പഠിപ്പിക്കാറുണ്ട്.
കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും വിവിധ വാഹനങ്ങളുടെ പേരുകളും മനപാഠമാക്കി പറയുന്നതിൽ മിടുക്കിയാണ് എഡ്രിയേൽ. സ്കൂളിൽ പോകുന്നതിനു മുന്പുതന്നെ മകൾക്ക് റിക്കാർഡ് നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു റിഷിനും കുടുംബവും.
സ്വന്തം ലേഖകൻ