ലണ്ടൻ: ഇന്ത്യൻ സന്പദ്ഘടന ഇക്കൊല്ലം തിരിച്ചുവരവിന്റെ പാതയിലാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഇന്ത്യ ഇക്കൊല്ലം ബ്രിട്ടനേക്കാൾ വലിയ സാന്പത്തികശക്തിയാകുമെന്ന് ആഗോള കൺസൾട്ടൻസി സ്ഥാപനം പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സ് (പിഡബ്ള്യുസി)
ഐഎംഎഫ് ഇന്നലെ പുറത്തിറക്കിയ ലോക സാന്പത്തിക പ്രതീക്ഷാ റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഉയർത്തിയത്. ഇക്കൊല്ലം 7.5 ശതമാനവും 2020-ൽ 7.7 ശതമാനവും തോതിൽ ഇന്ത്യ വളരുമെന്ന് അതിൽ പറയുന്നു. 2018-ൽ ഇന്ത്യ 7.3 ശതമാനം വളരുമെന്നാണ് ഐഎംഎഫ് പറയുന്നത്. 2017-ൽ 6.7 ശതമാനമായിരുന്നു വളർച്ച.
2017-ൽ 6.8 ശതമാനം വളർന്ന ചൈന 2018-ൽ 6.6 ശതമാനം വളർന്നു. 2019-ലും 20-ലും 6.2 ശതമാനം വീതമാകും ചൈന വളരുക. ഇന്ത്യ 2019-ൽ 7.6 ശതമാനം വളരുന്പോൾ ബ്രിട്ടൻ 1.6 ശതമാനവും ഫ്രാൻസ് 1.7 ശതമാനവും വളരുമെന്ന് പിഡബ്ല്യുസി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ ലോകറാങ്കിംഗിൽ അമേരിക്ക (19.39 ലക്ഷം കോടി ഡോളർ) ആണ് ഒന്നാം സ്ഥാനത്ത്. ചൈന (12.23 ലക്ഷം കോടി ഡോളർ) രണ്ടും ജപ്പാൻ (4.87) മൂന്നും ജർമനി (3.67) നാലും സ്ഥാനങ്ങളിലാണ്. ബ്രിട്ടൻ, ഇന്ത്യ, ഫ്രാൻസ് എന്നിവ അടുത്ത സ്ഥാനങ്ങളിൽ.