48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഡല്‍ഹിയിലെത്തുമെന്ന് ചൈനീസ് ടിവി; പാക്കിസ്ഥാന്‍കാരനെ ചാനലിന്റെ എഡിറ്ററാക്കിയെന്ന് ഇന്ത്യയുടെ പരിഹാസം!

 

CHINA-INDIA-L
ന്യൂഡല്‍ഹി: ഇന്ത്യചൈന യുദ്ധം ഉണ്ടായാല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്താന്‍ ചൈനീസ് സൈന്യത്തിന് വെറും 48 മണിക്കൂറും പാരച്യൂട്ട് ഭടന്മാര്‍ക്ക് പത്ത് മണിക്കൂറും മതിയെന്ന് ചൈനീസ് ടെലിവിഷന്‍. ഇന്ത്യചൈന അസ്വാരസ്യം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് ടെലിവിഷന്റെ ഈ പ്രകോപന നീക്കം.

എന്നാല്‍, ചൈനീസ് ടെലിവിഷന്റെ അഭിപ്രായ പ്രകടനത്തെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യക്കാര്‍ പരിഹസിച്ചുതള്ളി. ചൈനീസ് ടെലിവിഷന്റെ എഡിറ്ററായി ഏതോ പാക്കിസ്ഥാന്‍ കാരനെ നിയമിച്ചതായാണ് തോന്നുന്നത്, ഡല്‍ഹിക്കു ചുറ്റും അഴിയാത്ത ട്രാഫിക് കുരുക്കാണെന്ന് ചൈനക്കാര്‍ അറിഞ്ഞിട്ടില്ല, മേഡ് ഇന്‍ ചൈന സാധനങ്ങളുമായല്ല സൈന്യം വരുന്നതെന്ന് ഉറപ്പുവരുത്തണം എന്നിങ്ങനെ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യക്കാര്‍ നടത്തിയത്.

യുഎന്നില്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്തതും ഇന്ത്യയുടെ എന്‍എസ്ജി (ആണവ വിതരണ സംഘം) അംഗത്വം തടഞ്ഞതും ചൈനയായിരുന്നു. ഡല്‍ഹിയില്‍ നടന്ന 69 രാജ്യങ്ങള്‍ പങ്കെടുക്കുന്ന റെയ്‌സീന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ചൈനീസ് നിലപാടുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു.

തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അസ്വസ്ഥരാകുന്നവരാണ് ചൈന. മറ്റുള്ളവരുടെ പരമാധികാരത്തെ അവര്‍ ബഹുമാനിക്കണമെന്ന് തിരിച്ച് പ്രതീക്ഷിക്കുന്നതായും ചൈനപാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച് റെയ്‌സീന സമ്മേളനത്തില്‍ ജയശങ്കര്‍ പറഞ്ഞിരുന്നു.

Related posts