തൃശൂര്‍:തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കോഫി ബോര്‍ഡ് സഹകരണ സംഘത്തിന് കീഴിലെ കോഫീ ഹൗസ് ജീവനക്കാര്‍ക്ക് മാനേജ്മെന്റ് ശമ്പളം നിഷേധിച്ചതില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന് തീരുമാനമായി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പ്രശ്ന പരിഹാര യോഗത്തിന്റേതാണ് തീരുമാനം.
മാര്‍ച്ച് 23 വരെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള 52 കോഫി ഹൗസുകളില്‍ പണിയെടുത്ത ജീവനക്കാര്‍ക്ക് 2000 രൂപ മാത്രമാണ് വേതന ഇനത്തില്‍ നല്‍കിയത്. ലോക്ക്ഡൗണ്‍ കാലത്ത് 4 കോഫി
ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
8000 മുതല്‍ 42000 രൂപ വരെയാണ് കോഫി ഹൗസ് ജീവനക്കാരുടെ ശമ്പളം. മാര്‍ച്ചിലെ പൂര്‍ണ്ണ ശമ്പളം മുഴുവന്‍ സ്ഥാപനങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കോഫി ഹൗസ് ജീവനക്കാര്‍ക്ക് 2000 രൂപയിലധികം നല്കാന് ഇന്ത്യന്‍ കോഫി ബോര്‍ഡ് സഹകരണ സംഘം മാനേജ്മെന്റ് യാതൊരു നടപടി സ്വീകരിച്ചില്ലെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി.
തൊഴിലാളികള്‍ മുഖ്യമന്ത്രിക്കും തൊഴില്‍ മന്ത്രിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പ്രശ്നപരിഹാരത്തിനായി യോഗം വിളിച്ചത്.
മാനേജ്മെന്റിന്റെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ റിപ്പോര്‍ട്ട് കൂടി കിട്ടിയശേഷമാണ് സര്‍ക്കാരിന് ശമ്പളം പ്രശ്നം സംബന്ധിച്ച പൂർണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ ലേബര്‍ ഓഫീസര്‍ പി.ആര്.രാജീവ്, ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി സി.ഡി.സുരേഷ്, അംഗങ്ങളായ വി.എസ്.രഘു, ജി.ഷിബു, വ്യവസായ വാണിജ്യ വകുപ്പ് ജനറല്‍ മാനേജര്‍ എസ്.സജി എന്നിവര്‍ പങ്കെടുത്തു.